ദിലീപ് കാരണം ലക്ഷണങ്ങളാണ് കയ്യിൽ നിന്ന് പോയത്; രാത്രിക്ക് രാത്രി ലൊക്കേഷൻ മാറ്റി; ഗുരുതര ആരോപണവുമായി നിർമാതാവ്
കൊച്ചി:മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ ദിലീപ്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന തിരിച്ചടികളും വിവാദങ്ങളുമൊക്കെ മറികടക്കാനുള്ള ശ്രമത്തിലാണ് മലയാളികളുടെ ജനപ്രീയ നായകൻ. അതിനിടെ ദിലീപിനെതിരെ നിർമാതാവ് എസ് സി പിള്ള നടത്തിയ ഗുരുതര ആരോപണങ്ങൾ പ്രേക്ഷക ശ്രദ്ധനേടുകയാണ്. ദിലീപ് നായകനായ പാസഞ്ചര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് എസ് സി പിള്ള.
മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന്‍ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് രഞ്ജിത് ശങ്കറാണ്. ദിലീപിന്റെ ശ്രദ്ധേയ സിനിമകളിൽ ഒന്നാണ് പാസഞ്ചർ. വലിയ വിജയമായില്ലെങ്കിലും നിരൂപക പ്രശംസ ഏറ്റു വാങ്ങിയ ചിത്രമാണിത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ താൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്നാണ് നിർമാതാവ് എസ് സി പിള്ള പറയുന്നത്.
ഷൂട്ടിനിടയിൽ മറ്റൊരു സിനിമയുടെ ഷൂട്ടിനായി ദിലീപ് മൂന്നാറിന് പോയതും അതേത്തുടർന്ന് ഒരൊറ്റ സീനിന്റെ ചിത്രീകരണത്തിനായി മുഴുവൻ ടീമുമായി എറണാകുളത്ത് നിന്ന് മൂന്നാർ വരെ കൊണ്ടുപോകേണ്ടി വന്നതിനെ കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കൽ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ് സി പിള്ള ഇക്കാര്യം പറഞ്ഞത്.
“ഷൂട്ടിനിടെ ദിലീപ് ഒക്കെ കൂടി മറ്റൊരു സിനിമയ്ക്കായി മൂന്നാറിന് പോയി. രാത്രി 12 മണിക്ക് ഞാൻ വിളിച്ചു ചോദിച്ചപ്പോൾ നിങ്ങൾ എല്ലാവരുമായി മൂന്നാറിന് വരൂ. ലൊക്കേഷൻ മാത്രം കണ്ടെത്തിയാൽ മതി. യൂണിറ്റ് എല്ലാം തരാമെന്ന് പറഞ്ഞു. കുറെ കഴിഞ്ഞ് വിളിച്ചു പറഞ്ഞു യൂണിറ്റ് തരില്ല, യൂണിറ്റ് കൂടെ കൊണ്ട് ചെല്ലാൻ.
നാളെ മംമ്ത ദുബായിക്ക് പോകും. ഒരാഴ്ച കഴിഞ്ഞേ വരുകയുള്ളു. എന്ത് കഷ്ടമാണെന്ന് നോക്കണേ. അങ്ങനെ ഇന്നത്തെ ദിവസം കൊണ്ട് തന്നെ അത് തീർക്കണം എന്നുള്ളത് കൊണ്ട് അവസാനം എറണാകുളത്ത് നിന്ന് യൂണിറ്റ് അടക്കമായി മൂന്നാറിലേക്ക് പോയി.
മംമ്ത മോഹൻദാസും ആർട്ടിസ്റ്റുകളും അടക്കം എട്ട് പത്ത് വണ്ടികളിലായി മൂന്നാറിന് പോയി. എറണാകുളത്ത് എടുത്ത സെറ്റ് ക്യാൻസൽ ചെയ്തു. മൂന്നാർ ചെന്ന് വീണ്ടും സെറ്റ് ഇട്ടു. പക്ഷേ രാത്രി 12 മണി ആയിട്ടും ദിലീപിന്റെ മറ്റേ ഷൂട്ട് കഴിഞ്ഞില്ല. അവസാനം പാതിരാത്രി ഉറക്കം കളഞ്ഞ് ആ രംഗം ഷൂട്ട് ചെയ്തു. ആ ഒരറ്റ ഷോട്ടിന് വേണ്ടി എന്റെ ലക്ഷങ്ങളാണ് കളഞ്ഞത്.
അവർ ഈ കാണിച്ചത് സഹായമാണോ, വഞ്ചനയാണോ, അതോ ഇവന്മാർ നന്നവരുത് എന്ന് കരുതി ചെയ്യുന്നതാണോ. ഒരു പുതിയ നിർമാതാവ് വന്നാൽ അയാൾ തുലഞ്ഞു പോട്ടെ. ഇവനൊന്നും ഈ മേഖലയിൽ നിൽക്കരുത് എന്ന് വിചാരിച്ച് ചെയ്യുന്നതാണോ എന്ന് അറിയില്ല,” എസ് സി പിള്ള പറഞ്ഞു.
അതേസമയം, വോയ്‌സ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതിനു പുറമെ ബാന്ദ്ര എന്ന സിനിമയും റിലീസിന് തയ്യാറെടുക്കുകയാണ്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക. അരുണ്‍ ഗോപിയുടേതാണ് സംവിധാനം. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ദിലീപ് ഇതുവരെ കാണാത്തെ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. ബാന്ദ്രയെ അടക്കിവാണിരുന്ന ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത്.
ഇതുകൂടാതെ നിരവധി സിനിമകള്‍ ദിലീപിന്റേതായി അണിയറയിലുണ്ട്. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം, പറക്കും പപ്പന്‍, ഓണ്‍ എയര്‍ ഈപ്പന്‍, തുടങ്ങിയ ചിത്രങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേശു ഈ വീടിന്റെ നാഥന്‍ ആയിരുന്നു ദിലീപിന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ.