തുണി അലക്കുന്നതിനിടെ ഭൂമി താഴ്ന്ന് വീട്ടമ്മ അപ്രത്യക്ഷയായി; പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍!
കണ്ണൂര്‍: തുണി അലക്കുന്നതിനിടെ ഭൂമി താഴ്ന്ന് അപ്രത്യക്ഷയായ വീട്ടമ്മയെ കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറ്റിനുള്ളില്‍ നിന്ന്. കണ്ണൂര്‍ ഇരിക്കൂറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ യു.പി. സ്‌കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തില്‍ പെട്ടത്. അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയില്‍ വീഴുകയായിരുന്നു.
എന്നാല്‍ ഇവരെ ഈ കുഴിയില്‍ കണ്ടെത്താനായില്ല. അടുത്തുള്ള വീടിന്റെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്. വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളയുടെ സമീപത്തുവെച്ച് ഉമൈബ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഭൂമി താഴ്ന്ന് പോവുകയും വീടിന് പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു.
ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക് പതിച്ചത്. കിണറ്റിനുള്ളില്‍ നിന്നു കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രീ നോക്കിയപ്പോള്‍ ഉമൈബയെ കാണുകയും ഒച്ചവെച്ച് നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മട്ടന്നൂര്‍ പോലീസം അഗ്‌നിശമന സേന വിഭാഗവും നാട്ടുകാരും ചേര്‍ന്ന് ഉമൈബയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.