തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ തട്ടാനുള്ള ഉത്തരേന്ത്യന് സംഘത്തിന്‍റെ നീക്കം പൊളിച്ച് വൃദ്ധയായ വീട്ടമ്മ. കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പിൽ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയിൽ നിന്നും പണം തട്ടാന് ശ്രമിച്ചത്. വസന്തകുമാരിയുടെ പേരില് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഉണ്ടെന്ന് അറിയിച്ചാണ് സംഘം വസന്തകുമാരിയെ ഭീഷണിപ്പെടുത്തിയത്.
വസന്തകുമാരിയുടെ പേരിൽ കേസുണ്ടെന്നതിന് തെളിവിനായി വസന്തകുമാരിയുടെ ആധാർ നമ്പർ സംഘം നല്‍കി. ആദ്യഘട്ടത്തിൽ തട്ടിപ്പുകാരുടെ വാക്കു വിശ്വസിച്ച വസന്തകുമാരി പണം അയക്കാൻ ബാങ്കിലെത്തി. എന്നാൽ പിന്നീട് ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയങ്ങൾ തോന്നിയ വസന്തകുമാരി തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് തിരികെ ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സംഘം പിന്‍വാങ്ങിയത്. സംഭവത്തിൽ വയോധിക പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇടപ്പഴഞ്ഞി സ്വദേശിയായ അധ്യാപകനിൽ നിന്നും വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയെടുക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ തട്ടിപ്പുകാരുടെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന വെര്‍ച്വല്‍ അറസ്റ്റ്, വിവരമറിഞ്ഞെത്തിയ കേരള പൊലീസ് പത്തു മിനിറ്റുകൊണ്ട് പൊളിച്ചു. അധ്യാപകന് എസ്.ബി.ഐ.യില്‍ അക്കൗണ്ട് ഉണ്ടെന്നു മനസ്സിലാക്കിയ തട്ടിപ്പുകാര്‍ മുംബൈയിലെ കസ്റ്റമര്‍ കെയറില്‍നിന്നു വിളിക്കുന്നതായാണ് പറഞ്ഞത്.
സംഭാഷണം എല്ലാം മലയാളത്തിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന് പിടിയിലായ പ്രതിയിൽ നിന്ന് അധ്യാപകന്‍റെ പേരിലുള്ള ക്രഡിറ്റ് കാർഡ് കണ്ടെത്തിയെന്ന് പറഞ്ഞാണ് സംഘം പണം തട്ടാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് അധ്യാപകന്‍റെ മകന്‍ സൈബര്‍ പൊലീസിൽ വിവരമറിയിച്ചു. ഇതോടെ പൊലീസ് സംഘമെത്തി തട്ടിപ്പുകാരോട് സംസാരിച്ചു. ഒടുവിൽ ഫോണ്‍കോള്‍ കട്ട് ചെയ്ത് സംഘം പിന്മാറുകയായിരുന്നു.