തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുമാണ് അനുമതിയായി. ഹോട്ടലുകൾ ഇന്നലെ രാത്രി തന്നെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങി. അൻപത് ശതമാനം സീറ്റിലാണ് അനുമതി. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണ് പ്രവേശനം.
നീന്തൽക്കുളങ്ങളും ഇൻഡോർ സ്റ്റേഡിയങ്ങൾക്കും പ്രവര്‍ത്തിക്കുന്നത് അനുമതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ തിയേറ്ററുകൾ തുറക്കുന്നതിലും തീരുമാനമുണ്ടാകും. തിയേറ്ററിൻ്റെ പ്രശ്നം പ്രത്യേകമായി പരിഗണിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആദ്യഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 91 ശതമാനം കടന്നതും രോഗവ്യാപനം കുറഞ്ഞതുമാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള കാരണം.
ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം. രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. 18 വയസ്സിന് താഴെയുള്ളവർക്ക് ഇത് ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.