രോഗി മരിച്ച സംഭവം, മെഡിക്കല്‍ കോളേജ്,കാരിത്താസ്, മാതാ ആശുപത്രികള്‍ക്കെതിരെ കേസ്,മനപൂര്‍വ്വമല്ലാത്ത നരഹത്യയും ചികിത്സാപ്പിഴവും കുറ്റങ്ങള്‍
കോട്ടയം: മെഡിക്കല്‍ കോളജില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മൂന്നു ആശുപത്രികള്‍ക്കെതിരെ കേസെടുത്തു. മെഡിക്കല്‍ കോളേജിന് പുറമെ കാരിത്താസ്,മാത ആശുപത്രികളും പ്രതിക്കൂട്ടിലാവും.മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനുമാണ് കേസ്.ഗാന്ധി നഗര്‍ പോലീസാണ് കേസെടുത്തത്.
രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല.ആശുപത്രി അധികൃതര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് ഉന്നത ഉദ്യാഗസ്ഥര്‍ക്ക് കൈമാറും. മൃദതേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടവും നടത്തും.
പനി ബാധിതനായ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കട്ടപ്പന സ്വദേശി ജേക്കബ് തോമസിനെ ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.ആശുപത്രി വളപ്പിലെത്തിയെങ്കിലും ചികിത്സ നിഷേധിച്ചെന്നാണ് പരാതി. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയകളായ മാതാ,കാരിത്താസ് എന്നിവടങ്ങളില്‍ എത്തിച്ചെങ്കിലും അവിടെയും ചികിത്സ ലഭ്യമാക്കിയില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ തിരിച്ചെത്തിയ്ക്കുമ്പോള്‍ രോഗി മരിച്ചു.
കട്ടപ്പനയില്‍ നിന്നും രോഗിയെ കോട്ടയത്തേക്ക് എത്തിയ്ക്കുമ്പോള്‍ രോഗിയുടെ ബന്ധുക്കള്‍ പി.ആര്‍.ഒയുമായാണ് ആശയ വിനിമയം നടത്തിയത്. എന്നാല്‍ പി.ആര്‍.ഒ ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.