മൂന്ന് വർഷത്തിന് ശേഷമാണ് എന്റെ സിനിമ തിയറ്ററിൽ കാണുന്നത്, മോൺസ്റ്റർ ഏറ്റെടുത്തതിന് നന്ദി’: ഹണി റോസ്
കൊച്ചി:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിച്ച ചിത്രം പ്രതീക്ഷകൾ വിഫലമാക്കിയില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. മോഹൻലാലിനെ കൂടാതെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും പ്രകടനത്തെ പുകഴ്ത്തിയും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
പ്രത്യേകിച്ച് ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം. ഇപ്പോഴിതാ മോൺസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തതിൽ വളരെയധികം സന്തോഷമെന്ന് പറയുകയാണ് ഹണി.
മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് തന്റെ ഒരു സിനിമ തിയറ്ററിൽ കാണുന്നതെന്ന് ഹണി റോസ് പറഞ്ഞു. ഇത്രയും വലിയൊരു കഥാപാത്രം, ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയൊരു ദൈവാനുഗ്രഹമായി കാണുന്നുവെന്നും ഹണി പറയുന്നു.
“വളരെ സന്തോഷം. മൂന്ന് വർഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററിൽ കാണുന്നത്. അതും ഇത്രയും വലിയൊരു കഥാപാത്രം, ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാൻ പറ്റി എന്നുള്ളത് വലിയൊരു ദൈവാനുഗ്രഹമായി കാണുന്നു. മോഹൻലാൽ സാറിനൊപ്പം മുൻപും ഞാൻ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയിട്ടുള്ളൊരു കഥാപാത്രം വേറെയില്ല.
മികച്ച രീതിയിൽ പെർഫോം ചെയ്യാനായി എന്ന് വിശ്വസിക്കുന്നു. നന്ദി പറയാനുള്ളത് മോഹൻലാൽ സാറിനോടും വൈശാഖ് ഏട്ടനോടും ആന്റണി സാറിനോടുമാണ്. എല്ലാവരും സിനിമ കാണണം. തീർച്ചയായും സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെടും. വളരെ വ്യത്യസ്തമായിട്ടുള്ളൊരു സിനിമ ആയിരിക്കും ഇത്”, എന്നാണ് ഹണി റോസ് പറഞ്ഞത്.