മലപ്പുറം: സ്വവർഗരതിക്ക് ആപ്പുവഴി വിളിച്ചുവരുത്തി ഭീഷണിപെടുത്തി ആളുകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതികള്‍ മലപ്പുറത്തെ തിരൂരില്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാവാത്ത നാലു പേരെടക്കം ഏഴുപേരാണ് അറസ്റ്റിലായത്. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ, പുതിയത്ത് മുഹമ്മദ് സാദിഖ്, കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റ് നാലുപേരുമാണ് പൊലീസ് പിടിയിലായത്. പൂക്കയിൽ, പൊന്നാനി സ്വദേശികളുടെ പരാതിയെ തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പൂക്കയിൽ സ്വദേശിയിൽ നിന്ന് 85000 രൂപയും പൊന്നാനി സ്വദേശിയിൽ നിന്ന് 15000 രൂപയും മൊബൈൽ ഫോണുമാണ് സംഘം തട്ടിയെടുത്തത്. പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്യുകയും തുടർന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ചെയ്ത ശേഷം സ്വവര്‍ഗരതിക്ക് പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് ആളുകളെ വിളിച്ചുവരുത്തും.
പിന്നീട് പ്രതികളെല്ലാവരും കൂടിച്ചേർന്ന് ഫോണിലും മറ്റും വീഡിയോ എടുത്ത് പൊലീസിനേയും ബന്ധുക്കളേയും അറിയിക്കുമെന്നും സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്തിരുന്നത്. അറസ്റ്റിലായി പ്രതികളെ മൊബൈൽ ഫോൺ വിറ്റ തിരൂരിലെ ഗൾഫ് മാർക്കറ്റിലെത്തിച്ച് പൊലീസ് തെളിവെടുത്തു.