പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ അംപയറിംഗിനെ കുറിച്ച് പരാതി ഉന്നയിച്ച് ഇന്ത്യ. ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചാണ് ഇന്ത്യ പരാതി നല്‍കിയത്. അംപയറിംഗില്‍ പൊരുത്തകേടുണ്ടായെന്ന് പരാതിയില്‍ പറയുന്നു.
വീഡിയോ അംപയറുടെ റിവ്യൂ പൊരുത്തകേടുണ്ടാക്കിയെന്ന് പരാതിയിലുണ്ട്. ഇന്ത്യന്‍ താരം അമിത് രോഹിദാസ് ചുവപ്പുകാര്‍ഡ് പുറത്തായ സംഭവത്തില്‍ തീരുമാനം തെറ്റായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം. ഷൂട്ടൗട്ട് സമയത്ത് ഗോള്‍ പോസ്റ്റിന് പിറകില്‍ നിന്ന് ഗോള്‍ കീപ്പര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയെന്നും ഷൂട്ട് ഔട്ട് സമയത്ത് ഗോള്‍കീപ്പര്‍ വീഡിയോ ടാബ്ലെറ്റ് ഉപയോഗിച്ചുവെന്നും പരാതിയിലുണ്ട്. ഈ സംഭവങ്ങള്‍ കളിക്കാര്‍ക്കും പരിശീലകര്‍ക്കും ആരാധകര്‍ക്കും ഇടയിലുള്ള മതിപ്പ് ഇല്ലാതാക്കി. ഇക്കാര്യങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യണമെന്ന് ഹോക്കി ഇന്ത്യ ആവശ്യപ്പെടുന്നു.
പത്ത് പേരായി ചുരുങ്ങിയിട്ടും മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യ ജയിച്ചിരുന്നു. നിശ്ചിത സമയത്ത് 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തിനൊടുവിലായിരുന്നു പെനല്‍റ്റി ഷൂട്ടൗട്ട്. ഷൂട്ടൗട്ടില്‍ ബ്രിട്ടന്‍റെ രണ്ട് ഷോട്ടുകള്‍ തടുത്തിട്ട മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ആണ് ഇന്ത്യയുടെ വിരനായകനായത്. ഷൂട്ടൗട്ടില്‍ ഹര്‍മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ്, ലളിത് ഉപാധ്യായ്, രാജ്കുമാര്‍ പാല്‍ എന്നിവര്‍ ഇന്ത്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ ജെയിംസ് ആല്‍ബെറിക്കും സാക്കറി വാലസിനും മാത്രമെ ബ്രിട്ടനായി ലക്ഷ്യം കാണാനായുള്ളു.
കോണര്‍ വില്യംസിന്റെ ഷോട്ട് പുറത്ത് പോയപ്പോള്‍ ഫില്‍ റോപ്പറുടെ ഷോട്ട് ശ്രീജേഷ് രക്ഷപ്പെടുത്തി. ഒളിംപിക്‌സ് ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെമിയില്‍ തോറ്റാലും ഇന്ത്യക്ക് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സിരക്കാം. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. മറ്റന്നാള്‍ നടക്കുന്ന സെമിയില്‍ അറ്ജന്റീനയോ ജര്‍മനിയോ ആകും ഇന്ത്യയുടെ എതിരാളികള്‍.