NationalNews

എച്ച്എംപിവി ഇന്ത്യയിലും? ബംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചു; വിദേശയാത്രാ പശ്ചാത്തലം ഇല്ലാത്തത് കുഞ്ഞിന് രോഗബാധ വന്നതില്‍ ആശങ്ക

ബംഗലുളു: ചൈനയില്‍ ഭീതിപടര്‍ത്തിയ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. ചൈനയില്‍ കണ്ടെത്തിയ വൈറസ് വകഭേദമാണോ കുട്ടിക്ക് ബാധിച്ചിട്ടുള്ളത് എന്നത് പരിശോധിച്ചു വരികയാണ്. സ്വകാര്യ ആശുപത്രി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രതാ നടപടികളിലേക്ക് കടക്കുകയാണെന്നും കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

കുട്ടിക്ക് ബാധിച്ചിട്ടുള്ളത് ഏതു വേരിയന്റ് ആണെന്ന് കണ്ടെത്തുന്നതിനായി കുഞ്ഞിന്റെ കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് സാധാരണയായി എച്ച്എംപിവി രോഗബാധ കൂടുതലായി കണ്ടു വരുന്നത്. ചൈനയില്‍ എച്ച്എംപിവി വൈറസ് പടരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കര്‍ണാടക ആരോഗ്യവകുപ്പ് ആള്‍ക്കൂട്ടത്തിനിടയില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ വ്യാപിക്കുന്ന പുതിയ വൈറസ് ആരോഗ്യ മേഖലയെ വീണ്ടും ഇല്ലാതാക്കുമോ എന്ന ആശങ്ക പടരുന്നതിന് ഇടയിലാണ് ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ഇന്ത്യയിലും സ്ഥിരീകരിക്കുന്നത്. അതേസമയം ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നെല്ലാമാണ് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും അവര്‍ ഇതെല്ലാം തള്ളിക്കളയുന്ന സ്ഥിതിയാണ്.

എന്നാല്‍ ചൈനയില്‍ വൈറസ് പടര്‍ന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന വാര്‍ത്തകളും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ചൈനയുടെ അയല്‍ രാജ്യങ്ങളില്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോങ്കോങ്ങിലും എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ രോഗം പടരാതിരിക്കാനുള്ള സാധ്യതകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചത്.

എന്താണ് എച്ച്എംപിവി വൈറസ്?

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്എംപിവി. ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം എല്ലാ പ്രായത്തിലുള്ളവര്‍ക്കും പിടിപെടും. എന്നാലും പ്രായമായവരിലും അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുക. 2001ലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതൊരു പുതിയ രോഗമല്ലെന്നും മുന്‍പ് തന്നെ ലോകത്തിന്റെ പലയിടങ്ങളിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടുണ്ടെന്നും ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നു. അതുകൊണ്ടുതന്നെ എച്ച്എംപിവിയെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാന്‍ കഴിയില്ല.

തണുപ്പ് കാലത്താണ് രോഗം പടരാന്‍ സാധ്യത. ജലദോഷമോ പനിയോ വരുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് എച്ച്എംപിവിക്കും സാധാരണയായി ഉണ്ടാവുക. കഫകെട്ട്, പനി, ശ്വാസ തടസ്സം, മൂക്കടപ്പ് എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്. പ്രതിരോധ ശേഷി കുറഞ്ഞവരില്‍ ബ്രോങ്കൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകും. 3 മുതല്‍ 6 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ് ( രോഗാണു ശരീരത്തില്‍ കയറിയത് മുതല്‍ രോഗലക്ഷണം കാണിക്കുന്നതു വരെയുള്ള സമയം).

കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥയും രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നിലവില്‍ എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ തെറപ്പിയോ മുന്‍കരുതല്‍ വാക്‌സീനോ ഇല്ല.

വൈറസ് പടരുന്നത് എങ്ങനെ ?

ചുമ, തുമ്മല്‍ എന്നിവയില്‍നിന്നുള്ള സ്രവങ്ങള്‍ ശരീരത്തില്‍ എത്തുന്നതു വഴിയാണ് വൈറസ് പടരുന്നത്. രോഗം ബാധിച്ചവരുമായി നേരിട്ടുള്ള സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗബാധയുണ്ടാകും. മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴിയും രോഗം പടരാം. കൈകള്‍ സോപ്പോ വെള്ളമോ ഉപയോഗിച്ച് കഴുകുക എന്നതാണ് പ്രതിരോധമെന്ന നിലയില്‍ ചെയ്യേണ്ടത്. കുറഞ്ഞത് 20 മിനിറ്റെങ്കിലും കഴുകണം. തൊട്ടടുത്ത് നിന്ന് ആരെങ്കിലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ മുഖവും മൂക്കും പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുക, മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കാ തുടങ്ങിയവയാണ് ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker