മാസ ശമ്പളം അഞ്ചു ലക്ഷം രൂപ, യാത്ര മെഴ്സിഡസ് ബെൻസിൽ; മുർമുവിനെ കാത്തിരിക്കുന്നത് ചരിത്രം
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുർമു അധികാരമേൽക്കുമ്പോൾ ചരിത്രം തന്നെയാണ് രചിക്കപ്പെടുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ള മുർമുവിനെ കാത്തിരിക്കുന്നത് ഇതുവരെ അവർ കാണാത്തതും അനുഭവിച്ചിട്ടില്ലാത്തുമായ നിരവധി സൗകര്യങ്ങളാണ്. ഇനി മുതൽ ഓരോ മാസവും ലക്ഷങ്ങളാണ് മുർമുവിന് ശമ്പളമായി ലഭിക്കുന്നത്.
രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം രൂപയാണ്. ഈ തുക മുർമുവിന് കിട്ടും. ശമ്പളത്തിന് പുറമെ രാഷ്ട്രപതിക്ക് മറ്റു ആനുകൂല്യങ്ങളും സൗകര്യങ്ങളും രാജ്യം നൽകുന്നുണ്ട്. താമസത്തിന് പുറമേ ആജീവനാന്ത ചികിത്സാ സൗകര്യങ്ങളെല്ലാം ലഭ്യമാക്കുന്നുണ്ട്.
രാജ്യത്തിന് അകത്തും പുറത്തും ഏറ്റവുമധികം സുരക്ഷ ലഭിക്കുന്ന വ്യക്തിയെന്ന നിലയിൽ രാഷ്ട്രപതിക്ക് സഞ്ചരിക്കാനായി നൽകുന്നത് മെഴ്സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡാണ്. ഇതുകൂടാതെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ലിമോസിൻ കാറും ഉപയോഗിക്കാം.
ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ ഡൽഹിയിലെ രാഷ്ട്രപതി ഭവനിലേക്കാണ് ഒഡീഷയിൽ നിന്നും മുർമു ഇനി താമസം മാറുന്നത്. ഇതുകൂടാതെ, രാഷ്ട്രപതിയുടെ താമസത്തിനും അതിഥികളെ സ്വീകരിക്കാനുമായി ഓരോ വര്‍ഷവും 2.25 കോടി രൂപയോളം കേന്ദ്രസർക്കാര്‍ ചെലവഴിക്കുന്നുണ്ട്.