തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണ്; തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍
കൊച്ചി:തന്റെ രാഷ്‌ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും ഒരു ഭയവും കൂടാതെ തുറന്നുപറയുന്ന നടനാണ് ജോയ് മാത്യു. അതേപോലെ, നിലപാടുകൾ കൊണ്ടും നർമ്മം നിറഞ്ഞ സംസാരശൈലി കൊണ്ടും ആരാധകരെ നേടിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ ‘സ്വർഗത്തിലെ കട്ടുറുമ്പ്’ പ്രദർശനത്തിന് എത്തുകയാണ്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. തന്നെ തിരുത്താനും ചോദ്യം ചെയ്യാനും ധ്യാനിന് അനുവാദം നൽകിയിട്ടുണ്ടെന്ന് ജോയ് മാത്യു പറയുന്നു.
“ഞങ്ങൾ തമ്മിൽ ഒരുമിച്ച് അഭിനയിക്കുകയൊന്നും വേണ്ട. ഒരു മണിക്കൂർ തമ്മിൽ കണ്ടാൽ പല കാര്യങ്ങളും സംസാരിക്കും. ഈ സിനിമയിലും രണ്ടു ദിവസം മാത്രമാണ് ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നത്. ഡയലോഗ് പറയുന്നതിനേക്കാൾ കൂടുതൽ പേഴ്സണൽ വിഷയങ്ങളും സാമൂഹിക വിഷയങ്ങളും രാഷ്‌ട്രീയവുമാണ് സംസാരിച്ചത്. എന്നെ കണ്ട ഉടനെ പറഞ്ഞത്, അന്ന് കൊടുത്ത അഭിമുഖത്തിൽ രാഹുൽ ഗാന്ധിയെ കുറിച്ച് പറഞ്ഞത് പോരാ എന്നായിരുന്നു. കുറച്ച് അധികം പറയേണ്ടിയിരുന്നു, എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ധ്യാൻ ചോദിച്ചു. അങ്ങനെയുള്ള സിനിമാക്കാർ വളരെ അപൂർവ്വമാണ്. എന്നെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള അനുവാദം ഞാൻ ധ്യാനിന് കൊടുത്തിട്ടുണ്ട്”- ജോയ് മാത്യു പറഞ്ഞു.
“എന്റെ രാഷ്‌ട്രീയ ഗുരുവാണ് ജോയ് മാത്യു ചേട്ടൻ. ഞാനൊരു ഡെമോക്രാറ്റ് ആണ്, ലിബറൽ ഡെമോക്രാറ്റ്. ഞാൻ അങ്ങനെ ആവാൻ കാരണം എന്റെ ഗുരു പഠിപ്പിച്ചിട്ടുള്ള പാഠങ്ങളാണ്. ജോയേട്ടന്റെ എല്ലാ അഭിമുഖങ്ങളും കൃത്യമായി ഞാൻ കാണാറുണ്ട്. കൃത്യമായി രാഷ്‌ട്രീയ നിരീക്ഷിക്കുന്ന ആളാണ്. അങ്ങനെയുള്ള ഒരാൾ ചില കാര്യങ്ങൾ പറയേണ്ടിടത്ത് പറയാതെ വരുമ്പോൾ നമുക്ക് ചിലത് തോന്നുമല്ലോ. അങ്ങനെ പറഞ്ഞതാണ് രാഹുൽ ഗാന്ധിയുടെ കാര്യം.
മൂന്നാമത് ഒരാളുടെ കണ്ണാണ് ജോയ് ഏട്ടൻ. നമ്മളെ എല്ലാത്തിനെയും കാണുമ്പോൾ ഒരു സൈഡിലോ മറ്റൊരു സൈഡിലോ നിന്നു കാണും. എന്നാൽ ജോയ് ഏട്ടൻ അതിനെ മാറി നിന്നുകൊണ്ട് കാണും. വേറിട്ട ചിന്ത എന്ന് നമ്മൾ പറയുമല്ലോ. അങ്ങനെയൊരു ചിന്തയുള്ള ആളാണ് ജോയ് ഏട്ടൻ. അതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്‌ട്രീയ ഗുരുവായി ഞാൻ കാണുന്നത്” -ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു.