
മുംബൈ: ഹോളി പാര്‍ട്ടിയ്ക്കിടെ നടനില്‍നിന്ന് അതിക്രമം നേരിട്ടെന്ന പരാതിയുമായി ഹിന്ദി ടെലിവിഷന്‍ താരമായ 29-കാരി. സഹതാരത്തില്‍നിന്നേറ്റ അതിക്രമത്തിനെതിരേ നടി പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച മുംബൈയില്‍ നടന്ന ഹോളി പാര്‍ട്ടിയ്ക്കിടെയായിരുന്നു പരാതിക്ക് ആധാരമായ സംഭവം നടന്നത്. നടന്‍ മദ്യലഹരിയിലായിരുന്നെന്നും തന്റെ എതിര്‍പ്പിനെ അവഗണിച്ച് നിര്‍ബന്ധപൂര്‍വം ദേഹത്ത് നിറംപുരട്ടിയെന്നും നടി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
‘നടന്‍ എന്റെമേലും പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് സ്ത്രീകളുടെ മേലും ചായം പുരട്ടാന്‍ ശ്രമിച്ചു. എന്നാല്‍, അയാള്‍ക്കൊപ്പം ഹോളി ആഘോഷിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് നിറംപുരട്ടുന്നത് നിരസിച്ച് അവിടെനിന്ന് പോയി. ടെറസിലെ പാനിപുരി സ്റ്റാളിന് പിന്നില്‍ പോയി ഒളിച്ചുനിന്നെങ്കിലും നടന്‍ പിറകേവരികയും നിറംപുരട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഞാന്‍ എന്റെ മുഖം മറച്ചു. എന്നാല്‍, അയാള്‍ എന്നെ നിര്‍ബന്ധപൂര്‍വം പിടിക്കുകയും കവിളില്‍ നിറംപുരട്ടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ആരാണ് നിന്നെ എന്നില്‍നിന്ന് രക്ഷിക്കുന്നതെന്ന് കാണട്ടെ’, നടി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മാനസികമായി തളര്‍ന്നുപോയെന്നും നടി കൂട്ടിച്ചേര്‍ത്തു.
നടനില്‍നിന്നുണ്ടായ ദുരനുഭവത്തേക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍, അവര്‍ അയാളോട് ഇക്കാര്യം ചോദിച്ചു. അവരോടും നടന്‍ മോശമായി പെരുമാറിയെന്നും നടി പറഞ്ഞു. തുടര്‍ന്നാണ് നടി പോലീസിനെ സമീപിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് നടന് ലീഗല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഹോളി പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് അതിഥികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കൂടാതെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഭാരതീയ ന്യായ സംഹിതയിലെ 75(1)(i) വകുപ്പുകള്‍ അനുസരിച്ചാണ് നടനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.