NationalNews

കടുംപിടുത്തത്തില്‍ സെന്‍സര്‍ ബോര്‍ഡ്,കത്രികവയ്ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍,ഓസ്‌കാര്‍ എന്‍ട്രിയായ ‘സന്തോഷ്‌’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ല

മുംബൈ:2025 ഓസ്‌കറില്‍ ബ്രിട്ടന്റെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ‘സന്തോഷ്’ എന്ന ഹിന്ദി ചിത്രത്തിന് ഇന്ത്യയില്‍ വിലക്ക്. ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) തടഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ നിരവധി രംഗങ്ങള്‍ കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ചിത്രത്തിന്റെ ടീം ആ ആവശ്യം അംഗീകരിച്ചില്ല.

സന്ധ്യ സൂരി സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യന്‍ പൊലീസ് സേനയ്ക്കുള്ളിലെ സ്ത്രീവിരുദ്ധതയും, ഇസ്ലാമോഫോബിയയും ജാതീയതയും അഴിമതിയുമാണ് ചര്‍ച്ച ചെയ്യുന്നത്. ഇംഗ്ലണ്ട്, ഇന്ത്യ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പങ്കാളിത്തതോടെ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രം, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ബാഫ്ത നോമിനേഷന്‍ ഉള്‍പ്പെടെ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

എന്നാല്‍ ചിത്രത്തിലെ നിരവധി രംഗങ്ങള്‍ കട്ട് ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് സിനിമയുടെ ആത്മാവ് തന്നെ നഷ്ടപ്പെടുത്തുമെന്നതിനാല്‍ ആ ആവശ്യം അംഗീകരിച്ചില്ല എന്നാണ് സന്തോഷ് ടീം പറയുന്നത്. രംഗങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകാത്തതോടെ സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു.

പൊലീസുകാരനായ ഭര്‍ത്താവ് മരിച്ച സന്തോഷ് എന്ന വനിത ഒരു കോണ്‍സ്റ്റബിള്‍ ആയി പോസ്റ്റ് ചെയ്യപ്പെടുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളിലൂടെയുമാണ് സന്തോഷ് എന്ന സിനിമയുടെ രാഷ്ട്രീയം വെളിവാകുന്നത്. ”നിരാശജനകവും ഹൃദയഭേദകവുമാണ് ഈ തീരുമാനം.”

”ഈ വിഷയങ്ങള്‍ ഇന്ത്യന്‍ സിനിമക്ക് പുതിയതാണെന്നോ മറ്റ് സിനിമകള്‍ മുമ്പ് ഉന്നയിച്ചിട്ടില്ലെന്നോ എനിക്ക് തോന്നിയിട്ടില്ല” എന്നാണ് സംവിധായിക സന്ധ്യ സൂരിയുടെ പ്രതികരണം. ഷഹാന ഗോസ്വാമിയും സുനിത രാജ്‌വാറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. മൈക്ക് ഗുഡ്റിജ്, ജെയിംസ് ബൗഷെര്‍, ബല്‍ത്താസര്‍ ഡെ ഗാനി, അലന്‍ മാക് അലക്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker