ബട്ടൺ ക്യാമറ, ഷൂവിനടിയിൽ റൂട്ടർ,ക്രെഡിറ്റ് കാർഡ് ഹോൾഡറിൽ സ്മാർട്ട്‌ഫോൺ എഐ സഹായത്തോടെ കോപ്പിയടി, വിദ്യാർത്ഥി പിടിയിൽ
ഇസ്താംബൂൾ : കോപ്പിയടിക്കുന്നത് ഒരു പുതിയ കാര്യമല്ല. ഒരുപക്ഷേ, പരീക്ഷകൾ ആരംഭിച്ച കാലം മുതൽ തന്നെ ഈ കോപ്പിയടിയും തുടങ്ങിയതായിരിക്കണം. തുണ്ടു കടലാസ്സുകൾ ഒളിപ്പിച്ചുവെച്ചുള്ള സാധാരണ കോപ്പിയടിയുടെ കാലം കഴിഞ്ഞിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി.
സാങ്കേതികവിദ്യ അത്രകണ്ട് വളർന്നതോടെ കോപ്പിയടിയും ഹൈടെക് ആയി മാറിയിരിക്കുകയാണ്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ യൂണിവേഴ്സിറ്റി പരീക്ഷയിൽ കോപ്പിയടിച്ച ഒരു വിദ്യാർത്ഥി കഴിഞ്ഞദിവസം പിടിയിലായതോടെ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ കോപ്പിയടിയാണ് പ്രധാന ചർച്ചാ വിഷയം.
തുർക്കിയിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികളാണ് തങ്ങളുടെ യൂണിവേഴ്സിറ്റി പരീക്ഷയിൽ അല്പം ഹൈടെക്കായി കോപ്പിയടിക്കാനുള്ള വഴികൾ കണ്ടെത്തിയത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു ഇവരുടെ നൂതന കോപ്പിയടി ശ്രമം.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ആദ്യ കേസാണിതെന്നാണ് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരീക്ഷാഹാളിൽ ഉണ്ടായിരുന്ന ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് ഈ കോപ്പിയടി യെ കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും പ്രധാന സൂത്രധാരൻ ഒരാളായിരുന്നു എന്നാണ് ഇസ്പാർട്ടയിലെ പൊലീസ് വിഭാഗം വെളിപ്പെടുത്തുന്നത്.
ആരെയും അമ്പരപ്പിക്കുന്ന സാങ്കേതിക സംവിധാനങ്ങളുമായാണ് ഈ വിദ്യാർത്ഥി പരീക്ഷാഹാളിൽ എത്തിയത്. അതിൽ പ്രധാനം ഇൻറർനെറ്റുമായി ബന്ധിപ്പിച്ച് ഒരു റൂട്ടർ ആയിരുന്നു. ഇത് വിദ്യാർത്ഥി ഒളിപ്പിച്ചു വച്ചിരുന്നത് ഷൂവിന്റെ അടിയിലായിരുന്നു. കൂടാതെ, ഒരു ക്രെഡിറ്റ് കാർഡ് ഹോൾഡറിൽ ഒളിപ്പിച്ച ഒരു ചെറിയ സ്മാർട്ട്‌ഫോണും, ഷർട്ടിൻ്റെ ബട്ടണിൽ ഒളിപ്പിച്ച ഒരു ഹൈ-ഡെഫനിഷൻ ക്യാമറയും, ചെവിയിൽ ഒരു ചെറിയ ഹെഡ്‌സെറ്റും ഉണ്ടായിരുന്നു.
ഷർട്ട് ബട്ടണിലെ ക്യാമറ ചോദ്യപേപ്പർ സ്കാൻ ചെയ്തു, ഉത്തരങ്ങൾ ലഭിക്കാൻ സ്മാർട്ട്ഫോൺ AI ആക്സസ് ചെയ്തു. പിന്നെ ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ കേട്ടു. ഉപകരണങ്ങളുടെ ഈ മികച്ച ഉപയോഗം പരീക്ഷകളിൽ തീർത്തും ഹൈടെക് ആയി കോപ്പിയടിക്കാൻ വിദ്യാർത്ഥിയെ സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്.
പരീക്ഷാഹാളിൽ വച്ച് ഉണ്ടായ ചില സംശയാസ്പദമായ പെരുമാറ്റമാണ് ഈ വിദ്യാർഥി പിടിക്കപ്പെടാൻ കാരണമായത്. സംശയം തോന്നിയ അധ്യാപകർ നടത്തിയ പരിശോധനയിലാണ് അമ്പരപ്പിക്കുന്ന സംവിധാനങ്ങൾ കണ്ടെത്തിയത്.