വിമാനത്തിനുളളിൽ വെച്ച് മോശമായി പെരുമാറി,നടൻ വിനായകന് ഹൈക്കോടതി നോട്ടീസയച്ചു
കൊച്ചി: വിമാനത്തിനുളളിൽ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ നടൻ വിനായകന് ഹൈക്കോടതി നോട്ടീസയച്ചു. വിമാനക്കമ്പനിക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വൈദികനായ ജിബി ജെയിംസാണ് കോടതിയെ സമീപിച്ചത്.
മേയ് 27ന് ഗോവയിൽ നിന്ന് കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ നടൻ മോശമായി പെരുമാറിയെന്നാണ് പരാതി. വ്യോമയാന മന്ത്രാലയം, ഇൻഡിഗോ എയലൈൻസ് എന്നിവരെ എതിർ കക്ഷികളാക്കി നൽകിയ ഹരജിയിൽ വിനായകനെയും കക്ഷി ചേർക്കാൻ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ നിർദേശിക്കുകയായിരുന്നു.
ഗോവ വിമാനത്താവളത്തില്‍ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടാവുന്നത്. ചണ്ഡിഗഡില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പരാതിക്കാരന് നടനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് പരാതിയില്‍ ജിബി ആരോപിക്കുന്നു.
ബോര്‍ഡിംഗ് ബ്രിഡ്ജില്‍ വച്ച് ഫോണില്‍ വീഡിയോ കണ്ടിരുന്ന പരാതിക്കാരന്‍ നടന്‍റെ വീഡിയോ എടുത്തുവെന്ന് ആരോപിച്ചാണ് വിനായകന്‍ പൊട്ടിത്തെറിച്ചതും സഹയാത്രികനെ അധിഷേപിച്ചതുമെന്നാണ് പരാതി. വീഡിയോ അല്ല എടുക്കുന്നതെന്നും ഫോണ്‍ പരിശോധിച്ച് കൊള്ളാന്‍ നടനോട് ആവശ്യപ്പെട്ടിട്ടും അത് കേള്‍ക്കാന്‍ പോലും തയ്യാറാവാതെ വിനായകന്‍ അധിഷേപം തുടരുകയായിരുന്നുവെന്നും പരാതി വിശദമാക്കുന്നു.
സംഭവത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയെ പരാതിയുമായി സമീപിച്ചെങ്കിലും യാത്രക്കാരന്‍ വിമാനത്തിന് പുറത്തിറങ്ങിയതിനാല്‍ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് വിമാനക്കമ്പനി സ്വീകരിച്ചതെന്നാണ് പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്.
ഇതിനെതിരെയാണ് ജിബി ജെയിംസ് ഹൈക്കോടതിയെ സമീപിച്ചത്. നടനെതിരെ നടപടിയെടുക്കാന്‍ വിമാനക്കമ്പനിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യമാണ് ജിബി ജെയിംസ് മുന്നോട്ട് വയ്ക്കുന്നത്.