കൊച്ചി: ലൂസി കളപ്പുര കോണ്‍വന്റില്‍നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി. മാറി താമസിക്കുന്ന സ്ഥലത്തു പോലീസ് സംരക്ഷണം നല്‍കാമെന്നും കോടതി പറഞ്ഞു. എന്നാല്‍, തനിക്കു കോണ്‍വന്റില്‍ തന്നെ താമസിക്കണമെന്നും അവിടെ സംരക്ഷണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കോണ്‍വന്റില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നു നിര്‍ദേശിക്കാനാവില്ലെന്നും മഠത്തില്‍ നിന്നു മാറി താമസിക്കുന്നതാണ് ഉചിതമെന്നും കോടതി നിര്‍ദേശിച്ചു. അഭിഭാഷകര്‍ പിന്മാറിയതിനെത്തുടര്‍ന്നു ലൂസി കളപ്പുര സ്വന്തം നിലയ്ക്കാണ് ഇന്നു കോടതിയില്‍ വാദം ഉന്നയിച്ചത്. മഠത്തില്‍ നിന്നു മാറിയാല്‍ തനിക്കു താമസിക്കാന്‍ ഇടമില്ലെന്നും തന്റെ സന്യാസ ജീവിതത്തിനു അതു തടസമാകുമെന്നുമായിരുന്നു ലൂസി കളപ്പുരയുടെ വാദം.
എന്നാല്‍, സന്യാസിനീ സമൂഹത്തിന്റെ നിയമങ്ങള്‍ തുടര്‍ച്ചായായി ലംഘിച്ചതിനാല്‍ ലൂസി കളപ്പുരയെ എഫ്‌സിസി സമൂഹത്തില്‍നിന്നു പുറത്താക്കിയതാണെന്നും അവരുടെ അപ്പീല്‍ തള്ളിയതാണെന്നും സന്യാസസമൂഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ മഠത്തില്‍ തുടര്‍ന്നു താമസിക്കുന്നതും എഫ്‌സിസി സമൂഹത്തിന്റെ ഔദ്യോഗിക വേഷം ധരിക്കുന്നതും ശരിയല്ല.
മാത്രമല്ല, മഠത്തില്‍ നിന്നു പുറത്തുവന്നാല്‍ താമസിക്കാന്‍ സ്ഥലമില്ലെന്നു പറയുന്നതും ശരിയല്ല. കാരണം, സന്യാസിനീ സഭയുടെ നിയമം അനുസരിച്ചു ഒരു മഠത്തില്‍നിന്നു യാത്ര ചെയ്താല്‍ മറ്റൊരു മഠത്തില്‍ വേണം താമസിക്കാന്‍. എന്നാല്‍, കേസ് നടത്തിപ്പിനായി ലൂസി കളപ്പുര പലവട്ടം മഠത്തില്‍നിന്നു പുറത്തുപോയി താമസിച്ചിട്ടുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കേസ് വിധി പറയാന്‍ മാറ്റി.