KeralaNews

ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ല; സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവിധ ഗെയിമിംഗ് കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഓണ്‍ലൈന്‍ റമ്മി ചൂതാട്ട പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.

ഓണ്‍ലൈന്‍ വാതുവെപ്പ് ഗെയിമുകള്‍ നിരോധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവും മുന്‍പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമാനുസൃത അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.

1960ലെ കേരള ഗെയിമിങ് ആക്ടില്‍ സെക്ഷന്‍ 14 എയില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ പണം നല്‍കാനുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമ വിരുദ്ധമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയത്.

1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കെതിരെ ചലച്ചിത്ര സംവിധായകന്‍ പോളി വടക്കന്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു അന്ന് കോടതിയുടെ നിര്‍ദേശം.

ഈ കേസില്‍ വിവിധ ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്റ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ആളുകള്‍ക്ക് വന്‍തോതില്‍ പണം നഷ്ടപ്പെടുകയും അതുവഴി ഒരു ആത്മഹത്യ നടക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയെത്തിയത്.

കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെക്കൂടി നിയമവിരുദ്ധ ഗെയിമുകളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതു ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ കോടിതിയെ സമീപിച്ചത്. റമ്മി കഴിവ് ഉപയോഗിച്ചു കളിക്കുന്ന ഗെയിം ആണെന്നായിരുന്നു ഹരജിക്കാരുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button