കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാകണം. വെള്ളക്കെട്ട് ഇല്ലെങ്കില്‍ ക്രെഡിറ്റ് കോര്‍പ്പറേഷന്‍ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. അഭിഭാഷകന്‍ ഹാജരാകാന്‍ വൈകിയതിന്റെ കാരണവും സിംഗിള്‍ ബെഞ്ച് തേടി.
നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നഗരത്തില്‍ പലയിടത്തും തുടരുന്ന വെള്ളക്കെട്ട് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി.
എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കൊച്ചി നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് ഇത്തവണയും വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് കാരണം സ്റ്റാന്‍ഡിന് പുറത്ത് നിന്നാണ് ബസ്സുകള്‍ യാത്രക്കാരെ കയറ്റുന്നത്.
കനത്ത മഴയില്‍ മൂവാറ്റുപുഴ ടൗണ്‍ യുപി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞുവീണു. മതിലിനോട് ചേര്‍ന്ന് ഫുട്പാത്തില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന സുബ്രഹ്‌മണ്യന് സാരമായി പരിക്കേറ്റു.
ജില്ലയുടെ പല ഭാഗങ്ങളിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നഗരപ്രദേശങ്ങളില്‍ മഴ തോര്‍ന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വെള്ളക്കെട്ട് തുടരുകയാണ്. കാനകളിലെ ചെളി നീക്കാന്‍ കോടികള്‍ മുടക്കി യന്ത്രങ്ങള്‍ കൊണ്ടുവന്നിട്ടും കൊച്ചി നഗരം ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്.