അടിമാലി: കൂട്ടത്തിലെ കുട്ടിയാന ആദ്യം കിടന്നു. പിന്നാലെ അമ്മയും. പിന്നെ പരിസരംപോലും നോക്കാതെ പകൽ ഉറക്കം. മുട്ടിച്ചേർന്നുള്ള അമ്മയുടെയും കുഞ്ഞിന്റെയും ഉറക്കം നീണ്ടുനിന്നത് ഒരു മണിക്കൂറോളം. അതുവരെ ഇരുപതോളം വരുന്ന കാട്ടാനക്കൂട്ടം കാവൽനിന്നു. കാട്ടാനകളുടെ വിഹാരകേന്ദ്രമായ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ഈ മനോഹരകാഴ്ച.
സാധാരണ വൈകുന്നേരങ്ങളിൽ എത്തുന്ന ആനക്കൂട്ടം വെള്ളിയാഴ്ച രാവിലെ എത്തി. ഇരുപതോളം ആനകൾ ഉണ്ടായിരുന്നു. ഇതിൽ തള്ള ആനയും കുഞ്ഞും ഉറക്കമായതോടെ ഇരുപതോളം വരുന്ന ആനക്കൂട്ടം അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയിലായി.പിന്നെ ആനക്കൂട്ടം കിടന്ന അമ്മയ്ക്കും കുഞ്ഞിനും കാവൽ നിൽക്കുന്നതു പോലെ വട്ടംചുറ്റി നടക്കാൻ തുടങ്ങി.
എന്താണ് ആനക്കൂട്ടം നിൽക്കാൻ കാരണമെന്ന് കാഴ്ചക്കാർക്ക് പെട്ടെന്ന് മനസ്സിലായില്ല. പരിസരം നന്നായി വീക്ഷിച്ചപ്പോഴാണ് കുഞ്ഞും തള്ളയാനയും പുൽപരപ്പിൽ കിടന്ന് ഉറങ്ങുന്നത് കാണികളുടെ ശ്രദ്ധയിൽപെട്ടത്. ആനയ്ക്കും കുഞ്ഞിനും ഓരിലെ വെള്ളം കുടിച്ച് മത്തായതായിരിക്കാം എന്ന സംശയമാണ് ആദ്യം നാട്ടുകാർക്കുണ്ടായത്.
ഇളവെയിൽ കൊണ്ട് ഏകദേശം ഒരു മണിക്കൂറുറോളം ഉറക്കംകഴിഞ്ഞ് തള്ളയും കുഞ്ഞും ഉണർന്നതോടെ ആനക്കൂട്ടം വീണ്ടും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായി. പിന്നെ നിമിഷങ്ങൾക്കുള്ളിൽ ആനക്കൂട്ടം അപ്രത്യക്ഷമായി.കാണികൾ ആനകളെ കാണാൻ നിൽക്കാറുള്ള പാതയോരത്തുനിന്ന് കഷ്ടിച്ച് 15 മീറ്ററോളം അകലത്തിലായിരുന്നു അമ്മ ആനയുടെയും കുഞ്ഞിന്റെയും പകൽ ഉറക്കം. വേനൽ കടുത്തതോടെ ആനക്കുളത്തേക്ക് എത്തുന്ന കാട്ടാനകളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട്.