കോഴി വില കുതിയ്ക്കുന്നു, ചിക്കൻ വിഭവങ്ങൾ ഇനി കിട്ടാക്കനിയാവും
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി വില (chicken prices) കുത്തനെ ഉയർന്നു. കിലോയ്ക്ക് 160-165 രൂപയാണ് നിലവിൽ കോഴിക്ക് ഈടാക്കുന്നത്. അതേസമയം കോഴിറച്ചിക്ക് 230 മുതൽ 265 രൂപവരെയാണ് ഈടാക്കുന്നത്. വില കൂടിയതോടെ കോഴി വിൽപ്പനയിലും ഇടിവ് ഉണ്ടായിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കളെയും റീട്ടെയിൽ കച്ചവടക്കാരെയും (Retailers) ഹോട്ടൽ ഉടമകളെയും കോഴി വിലയിലുണ്ടായ വർദ്ധനവ് (Price increase) സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ചില ഹോട്ടലുകളിൽ ഭക്ഷണത്തിന് പത്തുരൂപ വരെ കോഴി വിഭവങ്ങൾക്ക് ഉയർത്തി. കോഴി വില ഉയർന്നു നിൽക്കുന്നതിനാൽ ഭക്ഷണ ഇനങ്ങളുടെ വില വർദ്ധിപ്പിച്ചതായി ഹോട്ടൽ ഉടമകൾ ബോർഡ് പതിച്ചിട്ടുമുണ്ട്.
കോഴിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്. ഒരു മാസത്തിനിടെ 40 രൂപയുടെ വർധനവാണ് കോഴി വിലയിലുണ്ടായത്. കിലോയ്ക്ക് 120 രൂപ നിരക്കിൽ കച്ചവടം നടന്നിടത്തുനിന്നാണ് കോഴി വില 160 – 165 ലേക്ക് കുതിച്ചുയർന്നത്. ‘കോഴിക്കും കുഞ്ഞുങ്ങൾക്കും മാത്രമല്ല കോഴിത്തീറ്റയ്ക്കും വില കുത്തനെ ഉയർന്നിരിക്കുകയാണെന്ന് കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഇറച്ചി കോഴിയെ വിൽക്കുന്ന കടയുടമ അഷ്റഫ് പറഞ്ഞു.
കോഴിത്തീറ്റയ്ക്ക് 1400 രൂപയായിരുന്നത് 2100 രൂപയിലേക്ക് ഉയർന്നു. കോഴിക്കുഞ്ഞുങ്ങൾക്ക് നേരത്തെ 10 രൂപയായിരുന്നു വില. ഇപ്പോഴിത് 50 രൂപയായി. ഇതോടെ കേരളത്തിലെ ചെറുകിട ഫാം ഉടമകൾ ഇറച്ചിക്കോഴി ഉത്പാദനം നിർത്തി. ഇറക്കുമതി കൂടിയതും ഇന്ധന വില ഉയർന്നതും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൂട് കൂടിയതും കോഴി ഉത്പാദനത്തെ പ്രതിസന്ധിയിലാക്കിയെന്ന് അഷ്റഫ് പറഞ്ഞു. കോഴി കുഞ്ഞുങ്ങൾ പെട്ടെന്ന് ചത്തു പോകുന്നതാണ് പ്രയാസം. ചൂടു നീണ്ടുനിൽക്കുമെന്നതിനാൽ വരുംദിവസങ്ങളിലും വില ഉയർന്നു തന്നെ നിൽക്കുമെന്നാണ് അഷ്റഫിന്റെ വിലയിരുത്തൽ.
സംസ്ഥാനത്ത് കോഴി വില രൂക്ഷമായി വർധിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പ് മന്ത്രിയെ സമീപിച്ചിരിക്കുകയാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ വില വർദ്ധിപ്പിച്ച് ജനങ്ങൾക്കുമേൽ ഇരട്ടി ഭാരം ഏൽപ്പിക്കാൻ ഇല്ലെന്ന് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു.
‘കോവിഡാനന്തര കേരളത്തിൽ 20% ഹോട്ടലുടമകൾ പ്രവർത്തനം നിർത്തി. യുദ്ധത്തെ തുടർന്ന് ഭക്ഷ്യ എണ്ണയ്ക്ക് വില കുത്തനെ ഉയർന്നിരിക്കുകയാണ്. ഇതിനെല്ലാം പുറമേയാണ് കോഴി വില കുതിക്കുന്നത്. വിലവർധനയ്ക്ക് പിന്നിൽ കർണാടകത്തിലെയും തമിഴ്നാട്ടിലെയും ലോബികളാണ്. അവർ ഉൽപ്പാദനം കുറച്ചാണ് ഇപ്പോൾ കേരളത്തിൽ വില വർധിപ്പിച്ചിരിക്കുന്നത്. ചൂടുകാലം ആകുമ്പോൾ കേരളത്തിലെ ചെറുകിട ഫാമുകളിൽ ഉൽപാദനം കുറയുന്നത് പതിവാണ്. ഇവരുടെ നഷ്ടം നികത്താൻ സർക്കാരിന്റെ സാമ്പത്തിക സഹായം കോഴി ഫാമുകൾക്ക് ലഭ്യമാക്കണം. അങ്ങനെ വരുമ്പോൾ ഇതരസംസ്ഥാന മാഫിയകളുടെ ചൂഷണത്തിന് കേരളത്തിലെ ഉപഭോക്താക്കൾ ഇരയാക്കപ്പെടില്ല,’- അദ്ദേഹം പറഞ്ഞു.
‘ സാമൂഹിക പ്രതിബദ്ധത ഉള്ളതിനാൽ ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിയിലും നഷ്ടം സഹിക്കാനാണ് അസോസിയേഷന്റെ തീരുമാനം. പച്ചക്കറികൾക്ക് നേരിയ തോതിൽ വില കുറഞ്ഞിട്ടുണ്ടെങ്കിലും പലവ്യഞ്ജനങ്ങൾക്കും ഭക്ഷ്യ എണ്ണയ്ക്കും വില ഉയർന്നിരിക്കുകയാണ്. 120 രൂപയുണ്ടായിരുന്ന പാമോയിലിന് ഇപ്പോൾ 165 രൂപയാണ് വില. യുദ്ധത്തിന്റെ പേരിൽ നിലവിലെ സ്റ്റോക്കിന് തന്നെ വില വർധിപ്പിക്കുകയാണ്. ഇത് ചൂഷണമാണ്. ഹോട്ടൽ ഉടമകൾ വില വർധിപ്പിക്കേണ്ട സാഹചര്യത്തിൽ അതിനു നിൽക്കാതെ കടകൾ ഒഴിഞ്ഞുപോകുകയാണ്. ഹോട്ടൽ, റസ്റ്ററന്റ് സംവിധാനങ്ങളുടെ സുഗമമായ നടത്തിപ്പിന് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൂടിയേതീരൂ,’- കെ.പി ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു.