ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും കനത്ത മഴ. വില്ലുപുരം, കുടലൂർ, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കള്ളക്കുറിച്ചി, ചെങ്കൽപട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും അവധിയാണ്. തിരുവാരൂരില്‍ കനത്ത മഴയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. വീടിന്‍റെ മതില്‍ ഇടിഞ്ഞുവീണ് ഒന്‍പത് വയസുകാരിയാണ് മരിച്ചത്. ചെന്നൈ അടക്കം 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
ഞായറാഴ്ച രാവിലെ 8.30 മുതൽ ജനുവരി 8 പുലർച്ചെ 5.30 വരെ നാഗപട്ടണത്ത് 16.7 സെന്റീമീറ്റർ മഴ ലഭിച്ചു. കാരയ്ക്കൽ – 12.2 സെന്റീമീറ്റർ, പുതുച്ചേരി – 9.6 സെന്റീമീറ്റർ, കടലൂർ – 9.3 സെന്റീമീറ്റർ, എന്നൂർ – 9.2 സെന്റീമീറ്റർ എന്നിങ്ങനെയാണ് കനത്ത മഴ ലഭിച്ച മറ്റു സ്ഥലങ്ങള്‍.
കനത്ത മഴയെ തുടർന്ന് അണ്ണാമലൈ സർവകലാശാലയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സർവ്വകലാശാലയിലും സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിലും ജനുവരി എട്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി രജിസ്ട്രാർ അറിയിച്ചു. പുതുക്കിയ പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കും.
തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ ഡിസംബറിൽ വ്യാപകമായ മഴ ലഭിച്ചിരുന്നു. തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് പ്രളയമുണ്ടായത്. അതിനുമുമ്പ് ഡിസംബർ ആദ്യം, ചുഴലിക്കാറ്റ് ചെന്നൈയിലെ പല പ്രദേശങ്ങളിലും നാശം വിതച്ചിരുന്നു,