റിയാദ്: മക്കയിൽ വീണ്ടും കനത്ത മഴ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹറമിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തത്. ഹറമിലെത്തിയ തീർഥാടകരും സന്ദർശകരും മഴക്കിടയിൽ പ്രാർഥന നിർവഹിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരാഴ്ചക്കിടയിൽ പലപ്പോഴായി മക്ക നഗരത്തിൽ നല്ല മഴയാണ് ഉണ്ടായത്.
മഴ തീരുന്നതു വരെ ഹറമിലെ നിർമാണ ജോലികൾ നിർത്തിവെച്ചെന്ന് ഇരുഹറം കാര്യാലയം സുരക്ഷാകാര്യ അണ്ടർ സെക്രട്ടറി ഫാഇസ് അൽഹാരിസി അറിയിച്ചു. ഒരാഴ്ചയിലധികമായി മേഖലയിലെ മക്കയടക്കമുള്ള പ്രദേശങ്ങളിൽ മഴ തുടരുകയാണ്. മുൻകരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മഴ ശക്തമായതോടെ അന്തരീക്ഷോഷ്മാവ് കാര്യമായി കുറഞ്ഞിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വ്യക്തിഗത ഹജ്ജ് വിസ സേവനം ഉടൻ ആരംഭിക്കുമെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, നുസുക് ആപ്ലിക്കേഷൻ വഴിയോ വിസക്ക് അപേക്ഷിക്കാൻ സൗകര്യമൊരുക്കും. ബ്രിട്ടൻ, ടുണീഷ്യ, ബംഗ്ലാദേശ്, മലേഷ്യ, കുവൈറ്റ് എന്നീ അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് ഇലക്ട്രേണിക് രീതിയിൽ ബയോ മെട്രിക് സംവിധാനത്തിലൂടെ വിസ ലഭ്യമാക്കുന്ന സേവനം ആരംഭിക്കുന്നതിനും മന്ത്രാലയം നടപടികള്‍ ആരംഭിച്ചു.
കൊവിഡ് ചികിത്സയുൾപ്പെടെ ഹജ്ജ് ഉംറ തീർഥാടകർക്ക് മെഡിക്കൽ സേവനം നൽകുന്നതിനായി പുതിയ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുവാനും സൗദി ഹജ്ജ് – ഉംറ മന്ത്രാലയത്തിന് നീക്കമുണ്ട്. തീർത്ഥാടകരുടെ ഹോട്ടൽ റിസർവേഷനുകൾ, ഗതാഗതം തുടങ്ങിയ മുഴുവൻ സേവനങ്ങളും ഇല്ക്ടോണിക് രീതിയിലേക്ക് മാറ്റുവാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. കഴിഞ്ഞ വര്‍ഷം 70 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് മന്ത്രാലയം സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 40 ലക്ഷം പേര് വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ വിസയില്‍ എത്തിയവരാണെന്നും മന്ത്രാലയം വിശദീകരിച്ചു.