തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മലയോര മേഖലകളിലും മഴ കനത്തേക്കും. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റന്നാൾ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിയും മിന്നലും സംസ്ഥാനത്ത് പരക്കെകടുത്ത ആശങ്ക സൃഷ്ടിച്ചു. ആലപ്പുഴ നഗരത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഉഗ്രശബ്ദത്തോടെയുണ്ടായ ഇടിമിന്നലിൽ വീടിന് തീപിടിച്ചിരുന്നു. മറ്റൊരു വീട്ടിൽ കെ.എസ്.ഇ.ബി മീറ്റർ ബോക്സിന് തീപിടിച്ചു. അഗ്നി സ്വിച്ച് ബോർഡിൽ ഒതുങ്ങി നിന്നതിനാൽ വലിയ ദുരന്തത്തിലേക്ക് നീങ്ങിയില്ല.
മഴയോടു കൂടിയും അല്ലാതെയും ഉണ്ടായ ഇടിമിന്നലിൽ അടുത്തിടെ നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. മിന്നലിനെ പ്രതിരോധിക്കുക അസാദ്ധ്യമാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് അഗ്നിരക്ഷാസേന നിർദ്ദേശിക്കുന്നു.
ദേശീയതലത്തിൽ അംഗീകൃത ദുരന്തങ്ങളുടെ പട്ടികയിൽ ഇടിമിന്നൽ ഉൾപ്പെടുന്നില്ല.സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ സവിശേഷമായ അധികാരം ഉപയോഗിച്ച് 2015മുതൽ കേരളത്തിൽ ഇടിമിന്നൽ അപകടങ്ങൾ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
മിന്നലിനെ അറിയണം, പ്രത്യാഘാതം കുറയ്ക്കാം
1.നേരിട്ട് മിന്നലേൽക്കുക : മിന്നൽ നേരിട്ടേറ്റുള്ള അപകടങ്ങൾ 3 മുതൽ 5 ശതമാനം വരെയാണ്. പുറംജോലികളിൽ ഏർപ്പെരിക്കുന്നവർക്കാണ് അപകടസാദ്ധ്യത
2.സൈഡ് ഫ്ലാഷ് : ഇടിമിന്നലിൽ നിന്ന് രക്ഷപ്പെടാൻ മരച്ചുവട്ടിൽ അഭയം പ്രാപിക്കുന്നവരിലാണ് ഇത്തരം അപകടങ്ങൾ കണ്ടുവരുന്നത്
3.ഗ്രൗണ്ട് കറണ്ട്: മിന്നൽ പതിക്കുന്ന വസ്തുവിൽ നിന്ന് ഊർജ്ജം ഭൂപ്രതലത്തിലൂടെ സഞ്ചരിച്ച് മനുഷ്യന് അപകടമുണ്ടാക്കുന്നു. ഇതാണ് മരണത്തിനിടിയാക്കുന്നത്
4.വൈദ്യുതിവഹനം വഴി : വയറുകളിലൂടെയും ലോഹപ്രതലങ്ങളിലൂടെയും വലിയ ദൂരം സഞ്ചരിക്കാൻ മിന്നലുകൾക്ക് ശേഷിയുണ്ട്. കെട്ടിടങ്ങൾക്കകത്ത് അപകടകാരണമാകുന്നത് ഇതാണ്
മുൻകരുതലെടുക്കാം
ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലത്ത് നിൽക്കരുത്
കെട്ടിടത്തിന്റെ ഭിത്തിയിലോ, തറയിലോ സ്പർശിക്കാതിരിക്കുക
ലാൻഡ് ഫോൺ ഉപയോഗിക്കരുത്, മൊബൈൽ ഫോൺ ഉപയോഗിക്കാം
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക
മിന്നലുള്ളപ്പോൾ കുളിക്കുകയും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുകയും അരുത്
83
ഇടിമിന്നൽ അപകടങ്ങളിൽ 83 ശതമാനവും വൈകിട്ട് 3നും 7നും ഇടയിലാണ് സംഭവിച്ചിട്ടുള്ളത്
മിന്നൽ സീസൺ
പ്രീമൺസൂൺ സീസണിലെ ഏപ്രിൽ – മേയ് മാസങ്ങളിലും വടക്ക് – കിഴക്കൻ മൺസൂണിലെ ഒക്ടോബർ – നവംബർ മാസങ്ങളിലുമാണ് കേരളത്തിൽ ഇടിമിന്നൽ കൂടുതൽ
ഇടിമിന്നലിനെ പ്രതിരോധിക്കുന്നതിന് കെട്ടിടങ്ങളിലെ എർത്തിംഗ് സംവിധാനത്തിനും പരിമിതിയുണ്ട്. പരമാവധി മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത് – അഗ്നിരക്ഷാ സേന, ആലപ്പുഴ