ചെന്നൈ: നാളെ (ഞായറാഴ്ച) തമിഴ്‌നാട്ടിലുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ട, കാരയ്ക്കല്‍ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം തമിഴ്നാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കും. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാവിലെ പൊതുവെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടേക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജനുവരി 12 മുതല്‍ 14 വരെ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലിനുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റാണ് കാലാവസ്ഥയെ സ്വാധീനിക്കുന്നത് എന്ന് ഐഎംഡി അറിയിച്ചു. ജനുവരി 13 ന് തീരദേശ ആന്ധ്രാപ്രദേശ്, യാനം, രായലസീമ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ജനുവരി 12 മുതല്‍ 14 വരെ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍, ജനുവരി 13, 14 തീയതികളില്‍ കേരളം, മാഹി, ജനുവരി 12 ന് തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പറഞ്ഞു. ജനുവരി 13, 14 തീയതികളില്‍ അരുണാചല്‍ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഐ എം ഡി വ്യക്തമാക്കി.
അതേസമയം ഉത്തരേന്ത്യയില്‍ ശീതതരംഗം തുടരുകയാണ്. വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും കാണ്‍പൂര്‍, ഗ്വാളിയോര്‍ തുടങ്ങിയ നഗരങ്ങളിലും കനത്ത മൂടല്‍മഞ്ഞ് ബാധിച്ചു. ഐഎംഡി പ്രകാരം ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ 11 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഇന്ന് ഡല്‍ഹിയിലെ കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.