FeaturedHome-bannerKeralaNews

കനത്ത മഴ തുടരുന്നു ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്. ചിലയിടങ്ങളില്‍ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും നാളെയും അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഓഗസ്റ്റ് ഒന്ന്, തിങ്കള്‍) ഉച്ചയ്ക്ക് ശേഷവും നാളെയും(ഓഗസ്റ്റ് രണ്ട്, ചൊവ്വ) അവധി.

കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ഡ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

എറണാകുളത്ത് ചൊവ്വാഴ്ച അവധി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 02, ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് അവധി, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച(ഓഗസ്റ്റ് 02) അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയത്ത് ചൊവ്വാഴ്ച അവധി

കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച(ഓഗസ്റ്റ് 02) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലും അവധി

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(02/08/2022) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച(02/08/2022) അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

കൊല്ലം ജില്ലയിലും ചൊവ്വാഴ്ച അവധി

കൊല്ലം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച(02/08/2022) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്ക് അവധി ബാധകമാണെങ്കിലും അങ്കണവാടികള്‍ പ്രവര്‍ത്തിക്കണം. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല, ബോര്‍ഡ് പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം.വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത  മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.

ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളിൽ പരക്കെ അതിശക്തമായ മഴക്കാണ് സാധ്യത. അതിതീവ്രമഴ സാധ്യതയുള്ളതിനാൽ  മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത വർധിക്കും. ഈ ദിവസങ്ങളിൽ യാത്രകൾ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം.

സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് വെളളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തി. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്‍റീ മീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 140 സെന്‍റീ മീറ്റർ ഉയർത്തി. പെരിങ്ങൾക്കുത്ത് ഡാമിന്‍റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറക്കും, പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. പമ്പാതീരത്ത് ജാഗ്രതാനിർദേശം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker