തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 45 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേര്‍ മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കളവപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി പുനാരംഭിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതേസമയം, ബാണാസുരസാഗര്‍ ഡാം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ തുറക്കും. മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക. ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
ഇന്നും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.