സൗദിയില്‍ കനത്ത മഴ,ശീതക്കാറ്റ്,ജാഗ്രതാനിര്‍ദ്ദേശം
റിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി മഴ. റിയാദ് നഗരത്തിലും മദ്ധ്യ, കിഴക്കൻ പ്രവിശ്യകളിലുമാണ് വ്യാപക മഴ ലഭിച്ചത്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി റിയാദ് നഗരം, മദ്ധ്യ പ്രവിശ്യയിലെ സുൽഫി, കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. പല ഭാഗങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്.
കനത്ത മഴയെ തുടർന്ന് പല ഭാഗങ്ങളിലെയും താഴ്‍വരകളില്‍ മഴവെള്ളപ്പാച്ചിലുണ്ടായിട്ടുണ്ട്. റൗദ അൽസബ്ല, മർഖ്, അൽനഫൂദ് തുടങ്ങിയ താഴ്‍വരകളിലാണ് വെള്ളമൊഴുക്കുണ്ടായിട്ടുള്ളത്. ശനിയാഴ്ച പുലർച്ചെ മുതൽ റിയാദ് നഗരത്തിൽ വ്യാപക മഴയുണ്ടായി. വൈകീട്ടും ചില ഭാഗങ്ങളിൽ മഴ തുടരുകയാണ്. രാത്രി മഴ കനക്കുമെന്നും ശക്തമായ കാറ്റുണ്ടാവുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. റിയാദ് ശക്തമായ മഴക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും നഗരവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി മുന്നറിയിപ്പ് നൽകി.
മഴയും തണുത്ത കാറ്റും റിയാദ് പ്രവിശ്യയിലും ഖസീം പ്രവിശ്യയുടെ തെക്കുഭാഗങ്ങളിലും കിഴക്കൻ മേഖലയിലും തുടരും. രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളായ ജീസാൻ, അസീർ, അൽബാഹ എന്നിവിടങ്ങളിലും പടിഞ്ഞാറൻ മേഖലയിലെ മക്കയിലും സമീപപ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മദ്ധ്യപ്രവിശ്യയിലും വടക്കൻ മേഖലയിലും രാത്രിയിലും പുലർച്ചെയും കോടമഞ്ഞ് നിറയാനുമിടയുണ്ട്.
സൗദി അറേബ്യയിലെ കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറുകളില്‍ അകപ്പെട്ടവരെ രക്ഷിച്ചു. റിയാദ് പ്രവിശ്യയിലെ സുല്‍ഫയിലുള്ള ശുഅയ്‍ബ് മറഖ് വാദിയിലാണ് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാറുകള്‍ അകപ്പെട്ടത്. കാറുകളില്‍ കുടുങ്ങിപ്പോയവര്‍ക്ക് പുറത്തിറങ്ങാനോ വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനോ സാധിക്കാതെയായി.
റിയാദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ശക്തമായ മഴ പെയ്‍തിരുന്നു. തുടര്‍ന്ന് വാദികളില്‍ വെള്ളക്കെട്ടുണ്ടായി. പ്രദേശത്തെ യുവാക്കള്‍ ചേര്‍ന്നാണ് കാറുകളില്‍ അകപ്പെട്ട യാത്രക്കാരെ രക്ഷിച്ചത്. വെള്ളക്കെട്ടിന് നടുവില്‍ കുടുങ്ങിയ വാഹനങ്ങളുടെയും അതില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.