പട്‌ന: ബിഹാറിൽ കനത്ത മഴയിൽ കൂറ്റൻ പാലത്തിന്റെ നാല് തൂണുകൾ തകർന്നു. ബീഹാറിലെ ജാമുയി ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ബർനാർ നദിക്ക് കുറുകെയുള്ള സോനോ ചുർഹെത് കജ്‌വെ പാലത്തിന്റെ നാല് തൂണുകളാണ് തകർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മേഖലയിൽ കനത്ത മഴ പെയ്തതാണ് നദിയിലെ ജലനിരപ്പ് ഉയർത്താൻ കാരണമെന്ന് അധികൃതർവിശദീകരിച്ചു. ജില്ലയിലെ സോനോ ബ്ലോക്കിന് കീഴിലുള്ള 12ലധികം ഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടു. മുൻകരുതൽ നടപടിയായി പാലം തകർന്ന പുഴയിലൂടെയുള്ള വാഹന ഗതാഗതം ജില്ലാ ഭരണകൂടം നിർത്തിവെച്ചു.
പാലം അപകടത്തിലായ വിവരം ആളുകളെ അറിയിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി സബ് ഇൻസ്‌പെക്ടർ ബിപിൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചതായി സോനോ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ചിത്രഞ്ജൻ കുമാർ പറഞ്ഞു.
കൂറ്റൻ പാലം തകർന്നതോടെ സംസ്ഥാനത്തെ പാലങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരത്തെക്കുറിച്ച് വീണ്ടും സംശയമുയർന്നു. അതേസമയം, പുഴയിലെ അനധികൃത മണലെടുപ്പാണ് പാലം തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
തൂണുകൾക്ക് സമീപം, അനധികൃത മണൽ ഖനനം തടസ്സമില്ലാതെ നടക്കുകയാണ്. ഈ വിഷയം ആളുകൾ നേരത്തെ തന്നെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരനായ മുകേഷ് ശാസ്ത്രി പറഞ്ഞു.
ജൂൺ നാലിന് ഖഗാരിയ ജില്ലയെ ഭഗൽപൂരുമായി ബന്ധിപ്പിക്കുന്ന നിർമാണത്തിലിരുന്ന പാലം തകർന്നിരുന്നു. പിന്നീട് കിഷൻഗഞ്ച് ജില്ലയിലെ മറ്റൊരു പാലം ജൂൺ 24 ന് തകർന്ന് വീണു. ജാമുയി ജില്ലയിലെ പാലം തകർന്നതിന് പിന്നാലെ ബിജെപി പരിഹാസവുമായി രംഗത്തെത്തി.
പാലങ്ങൾ തുടർച്ചയായി തകരുന്നത് സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് ബിജെപി നേതാവ് നിഖിൽ ആനന്ദ് പറഞ്ഞു. നിലവാരം കുറഞ്ഞ നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്നത് കാരണമാണ് പാലങ്ങൾ തകരുന്നതെന്നും ബിജെപി ആരോപിച്ചു.
Bridge caved in #Jamui after two days of rain: 24 villages affected due to closure of operations, villagers said – sand was being lifted near the bridge.#Bihar #BridgeCaved #ClimateActionNow #Rainfall #hurricane #Storm #JamuiBridgeCaved@officecmbihar@TejashwiOffice@Jduonline pic.twitter.com/qa4kttfu6N
— Anchor Manish Kumar (@manishA20058305) September 23, 2023