FeaturedKeralaNews

കേരളത്തില്‍ മഴ കനക്കും,ജാഗ്രതാനിര്‍ദ്ദേശവുമായി വെതര്‍മാന്‍

ചെന്നൈ: ആഗസ്റ്റ് പകുതി വരെ സംസ്ഥാനത്തെ മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്‌നാട് വെതര്‍മാന്‍ പ്രദീപ് ജോണിന്റെ മുന്നറിയിപ്പ്. 2018,2019 വര്‍ഷങ്ങള്‍ക്ക് സമാനമായി ഈ ആഗസ്റ്റിലും ശരാശരിക്കും മേലെ മഴ പെയ്യുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥാ വിദഗ്ദ്ധരില്‍ ഒരാളായി അറിയപ്പെടുന്ന പ്രദീപ് ജോണ്‍

2018,2019 വര്‍ഷങ്ങളുടെ ആദ്യപകുതിയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശരാശരിയിലും താഴെയായിരുന്നു. പല മേഖലകളിലും വരള്‍ച്ചയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ പൊടുന്നനെ ശരാശരിയിലും പലമടങ്ങ് അധികം മഴ ലഭിച്ചതോടെയാണ് പ്രളയസമാനമായ സാഹചര്യം ഉണ്ടായത്. ഈ വര്‍ഷവും ഇതേ നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ആഗസ്റ്റ് ഇരുപത് വരെയുള്ള ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് വ്യക്തമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സഞ്ചാരദിശ ഒഡീഷ – മധ്യപ്രദേശ് – മഹാരാഷ്ട്ര- ഗുജറാത്ത് എന്നീ പ്രദേശങ്ങളിലേക്കായിരിക്കും. ഇവയുടെ സ്വാധീനം മൂലമാണ് കേരളത്തിലേയും തമിഴ്‌നാട്ടിലും മഴ ശക്തിപ്പെടുക. തീരപ്രദേശങ്ങളിലടക്കം നന്നായി മഴ പെയ്യുമെങ്കിലും കേരളവും തമിഴ്‌നാടും അതിരിടുന്ന പശ്ചിമഘട്ട മേഖലയിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഡാമുകള്‍ വേഗം നിറയുന്നതിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും ഇതു കാരണമായേക്കും.

ആഗസ്റ്റ് മൂന്ന് തിങ്കളാഴ്ച മുതല്‍ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്,തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രത വേണം. അതില്‍ തന്നെ ആഗസ്റ്റ് അഞ്ച് മുതല്‍ എട്ട് വരെയുള്ള നാല് ദിവസം അതീവ ജാഗ്രത പാലിക്കണം. കാവേരി മേഖലയില്‍ കനത്ത മഴ ലഭിക്കാനാണ് സാധ്യത. കബനി നദിയും നിറഞ്ഞൊഴുകും. മേടൂര്‍ ഡാമില്‍ നിന്നും തുടര്‍ച്ചയായി മൂന്നാം വര്‍ഷവും വലിയ തോതില്‍ ജലം ഒഴുകി വിടേണ്ടി വന്നേക്കാം. കുടകിലും വയനാട്ടിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാണുന്നത്.

നിലമ്പൂര്‍, പീരുമേട്, തൊടുപുഴ, പൊന്മുടി, കുറ്റ്യാടി, കക്കയം, തരിയോട്, വൈത്തിരി, പടിഞ്ഞാറെത്തറ, കക്കി ഡാം, പെരിങ്ങല്‍ക്കൂത്ത് ഡാം, ലോവര്‍ ഷോളയാര്‍, നേര്യമംഗലം, പിറവം എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും തമിഴ്‌നാട് വെതര്‍മാന്‍ ഇന്നലെ രാത്രിയോടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

കേരളത്തില്‍ ശരാശരി ലഭിക്കുന്ന മഴ – 420 mm)
2018 – ല്‍ ലഭിച്ചത് 822 mm
2019 – ല്‍ ലഭിച്ചത് 951 mm

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇത് ശക്തമായാല്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കേരള തീരത്ത് 40 മുതല്‍ 50 കി.മി.വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker