KeralaNews

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം,’എൽ നിനോ’ തിരിച്ചെത്തുന്നതായും റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും പാലക്കാട് ജില്ലയിലെ നാല് ഇടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി.

തൃശൂരിലും കണ്ണൂരിലും 39 ഡിഗ്രിക്ക് മുകളിലാണ് ചൂട്. തെക്കന്‍ ജില്ലയായ കൊല്ലത്ത് 39 ഡിഗ്രി വരെ ചൂട് വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. സമാന നിലയില്‍ ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും ചൂടു തുടരും. സാധാരണ നിലയില്‍ നിന്നും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത.

പാലക്കാട്, കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ 23 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശി അടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അതിനിടെ നാലുവർഷത്തെ ഇടവേളയ്ക്കുശേഷം എൽ നിനോ പ്രതിഭാസം തിരിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്‌. ഈവർഷം അവസാനത്തോടെയോ അടുത്തവർഷമോ ആയിരിക്കും ഇതുസംഭവിക്കുക. ഇതോടെ ലോകത്ത് ഏറ്റവുംകൂടിയ താപനില രേഖപ്പെടുത്തിയേക്കാമെന്നും കാലാവസ്ഥാശാസ്ത്രജ്ഞർ പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി ശാന്തസമുദ്രത്തിൽ തുടരുന്ന ലാ നിന പ്രതിഭാസത്തെത്തുടർന്ന് ആഗോളതലത്തിൽ താപനില ചെറിയതോതിൽ കുറഞ്ഞിരുന്നു.

എൽ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവിൽ ഏറ്റവും ചൂടുകൂടിയ വർഷമായി അറിയപ്പെടുന്നത്. എന്നാൽ, അതിനുശേഷമുള്ള വർഷങ്ങളിൽ എൽ നിനോയുടെ അഭാവത്തിലും കാലാവസ്ഥാവ്യതിയാനം ആഗോളതാപനിലയിൽ വർധനയുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ എട്ടുവർഷവും ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ്. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലാണ് ചൂടുകൂടുന്ന ഈ പ്രവണതയ്ക്ക് പ്രധാനകാരണം. എൽ നിനോ വീണ്ടുമെത്തുന്നതോടെ ഇപ്പോൾത്തന്നെ വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗം എന്നിവകാരണം ദുരിതത്തിലായ രാജ്യങ്ങളുടെ അവസ്ഥ കൂടുതൽ ഗുരുതരമാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പുനൽകി. നിലവിലെ ശരാശരി ആഗോളതാപനില വ്യാവസായികവിപ്ലവത്തിനുമുമ്പുള്ളതിനെക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.

ഭൂമിയുടെ പടിഞ്ഞാറുവശത്തേക്കുള്ള വായുപ്രവാഹത്തിന്റെ വേഗംകുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതുകാരണം സമുദ്രോപരിതലത്തിലെ താപനില കൂടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker