Home-bannerKeralaNews

13 വയസുകാരിയ്ക്ക് ഹൃദയാഘാതം; സംസ്ഥാനത്ത് ആദ്യത്തെ സംഭവമെന്ന് ഡോക്ടര്‍മാര്‍,മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബൈപ്പാസ് സര്‍ജറി നടത്തി

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് 13 വയസുകാരിയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബൈപ്പാസ് സര്‍ജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയില്‍ അപൂര്‍വമായുമാണ് ചെറിയ പ്രായത്തില്‍ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ് സര്‍ജറി വേണ്ടിവരുന്നതും. പെണ്‍കുട്ടികളില്‍ തന്നെ ഹൃദയാഘാത സാധ്യത വിരളമാണെന്നിരിക്കെ ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടി തന്നെ രോഗിയായിയെന്നത് മറ്റൊരു പ്രത്യേകതയുമാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ നടന്ന ചികിത്സയ്ക്കു ശേഷമാണ് കൊല്ലം നീണ്ടകര സ്വദേശിനിയായ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. കുട്ടികളിലെ ഹൃദയാഘാത സാധ്യത ഇതു വരെ ഇല്ലാതിരുന്നതിനാല്‍ രോഗിയുടെ ഹൃദയത്തിന് ജന്മനായുള്ള തകരാര്‍ വല്ലതുമുണ്ടോയെന്ന പരിശോധനയാണ് ആദ്യം നടത്തിയത്. അതില്‍ പ്രശ്‌നമൊന്നും കണ്ടില്ല. നെഞ്ചുവേദന തുടരുന്ന സാഹചര്യത്തില്‍ കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ നടത്തിയ ഇ സി ജി പരിശോധനയില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ
ആന്‍ജിയോഗ്രാം ചെയ്യുകയായിരുന്നു. പരിശോധനയില്‍ പ്രധാന രക്തധമനിയില്‍ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയില്‍ 50 ശതമാനം ബ്ലോക്കും കണ്ടു. മാത്രമല്ല, രക്തധമനീഭിത്തിയിലും തകരാറുണ്ടായിരുന്നു. ഈ അവസ്ഥയില്‍ ആന്‍ജിയോപ്ലാറ്റി നടത്തി സ്റ്റെന്റ് ഇടുന്നതില്‍ തടസമുള്ളതിനാല്‍ ബൈപ്പാസ് സര്‍ജറി തീരുമാനിച്ചു. സാധാരണ ഗതിയില്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം, പുകവലി എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന അത്രോസ്‌ക്ലെറോസിസാണ് മുതിര്‍ന്നവര്‍ക്ക് രക്തധമനിയിലെ ബ്ലോക്കിന് പ്രധാനമായി കാരണമാകുന്നത്. കുട്ടികളിലുണ്ടാകുന്ന രോഗങ്ങള്‍ ടാക്കയാസു ആര്‍ട്ടറൈറ്റിസ്, കാവസാക്കി ഡിസീസ്, ജന്മനായുള്ള തകരാറുകള്‍ എന്നിവയുമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ലക്ഷണമാണ് കുട്ടിയില്‍ കണ്ടത്. ശസ്ത്രക്രിയാ സമയത്ത് രക്തധമനിയുടെ ബയോപ്‌സിയെടുത്തു പരിശോധിച്ചതില്‍ പ്രായമായവരില്‍ വരുന്ന ഹൃദയാഘാതമല്ലെന്നു തിരിച്ചറിഞ്ഞു. കുട്ടികളിലെ ഹൃദയധമനികളെ ബാധിക്കുന്ന പ്രത്യേകതരം രോഗമാണിത്. ആഹാരരീതിയുമായി നേരിട്ട് ബന്ധമുള്ള അസുഖമല്ലെന്നും ഡോ ജോര്‍ജ് കോശി പറഞ്ഞു. തന്റെ സേവനകാലയളവില്‍ ഇതുവരെ ഈ പ്രായത്തിലുള്ള കുട്ടികളില്‍ ഹൃദയാഘാതം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ഡോ വി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡോ കൃഷ്ണ, ഡോ കിഷോര്‍, ഡോ മഹേഷ്, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ ഗോപാലകൃഷ്ണന്‍, ഡോ ഷീലാ വര്‍ഗീസ്, ഡോ അമൃത, ഡോ ജയശ്രീ, സ്റ്റാഫ് നേഴ്‌സ് രൂപ, ടെക്‌നീഷ്യന്മാരായ അനുരാധ, നിഷാന എന്നിവരടങ്ങുന്ന സംഘം ബൈപ്പാസ് സര്‍ജറി നടത്തുകയായിരുന്നു. തുടര്‍ ചികിത്സകള്‍ക്കു ശേഷം കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. 20 വയസിനു താഴെയുള്ളവരില്‍ ഹൃദ്രോഗ സാധ്യത കൂടി വരുന്നതും ആശങ്കയുളവാക്കുന്നുണ്ട്. ഡോ അബ്ദുള്‍ റഷീദ് വകുപ്പു മേധാവിയായിട്ടുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ ശരീരത്തിനുള്ളില്‍ കടന്ന അന്യവസ്തു സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത രണ്ടു സംഭവങ്ങള്‍ അടുത്തിടെ നടന്നതും ശ്രദ്ധേയമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker