KeralaNews

ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം,പക്വത 25 വയസ്സിലേ വരൂ, ഹോസ്റ്റൽ ടൂറിസ്റ്റ് ഹോമല്ല; നൈറ്റ് ലൈഫ് വേണ്ടെന്ന് ആരോഗ്യസർവകലാശാല

കൊച്ചിഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. 25 വയസിലാണ് ആളുകള്‍ക്ക് പക്വത വരുന്നതെന്നും അതിന് മുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാവില്ലെന്നും സര്‍വകലാശാല ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികളാണ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 9.30 കഴിഞ്ഞാല്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നില്ല എന്ന് കാണിച്ചായിരുന്നു പരാതി. ഈ പ്രതിഷേധത്തിനെതിരെയാണ് ആരോഗ്യ സര്‍വകലാശാല വിചിത്ര വാദങ്ങളോടുകൂടിയുള്ള സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

രാജ്യാന്തര തലത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 25 വയസിലാണ് ഒരാള്‍ക്ക് പൂര്‍ണമായ പക്വത വരികയെന്നും അവര്‍ അതിന് മുമ്പ് എടുക്കുന്ന എന്ത് തീരുമാനങ്ങള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കേണ്ടതുണ്ട് എന്ന് ആരോഗ്യ സര്‍വകലാശാല സത്യവാങ്മൂലത്തില്‍ പറഞ്ഞു.

പഠിക്കുന്നതിനാണ് അവര്‍ ഹോസ്റ്റലില്‍ നില്‍ക്കുന്നത് നൈറ്റ് ലൈഫ് ആസ്വദിക്കേണ്ടതില്ല എന്നും രാത്രിയില്‍ പുറത്തിറങ്ങേണ്ടതില്ല എന്നും സര്‍വകലാശാല പറയുന്നു. 9 മണിക്ക് കോളേജുകളിലെ ലൈബ്രറികള്‍ അടയ്ക്കും അതുകൊണ്ട് 9.30 യ്ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കണം എന്ന് പറയുന്നതില്‍ യാതൊരുവിധ തെറ്റുമില്ല.

അതേസമയം രാത്രി 11.30 വരെ കോളേജ് ലൈബ്രറി പ്രവര്‍ത്തിക്കുകയും പത്ത് മണിക്ക് മുമ്പ് പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ പോവണം എന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതിനെതിരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ഹോസ്റ്റല്‍ നിയന്ത്രണങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച വാദങ്ങളെയാണ് സര്‍വകലാശാല ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തള്ളിക്കളയുന്നത്.

നേരത്തെ ലിംഗംഗസമത്വം ഉറപ്പുവരുത്തുന്ന രീതിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവിനെക്കുറിച്ചു ഹൈക്കോടതി വ്യക്തത തേടി. എന്‍ജിനീയറിങ് ഹോസ്റ്റലുകള്‍ക്ക് ഉത്തരവ് ബാധകമാണോ, 9.30നു ശേഷം ഹോസ്റ്റലില്‍ നിന്നു പുറത്തിറങ്ങാന്‍ അനുമതിയുണ്ടോ എന്നീ കാര്യങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണം. വനിത കമ്മിഷനും നിലപാട് അറിയിക്കണം.

രാത്രി 9.30നു ശേഷം ഹോസ്റ്റലില്‍ നിന്നു പുറത്തിറങ്ങുന്നതു വിലക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. ഹര്‍ജി പരിഗണനയിലിരിക്കെ, മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ പ്രവേശനത്തില്‍ ലിംഗവിവേചനം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

രാത്രി 9.30നു ശേഷം മൂവ്മെന്റ് റജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് ഉത്തരവ്. രണ്ടാം വര്‍ഷം മുതലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇതു ബാധകം. 9.30നു ശേഷം പുറത്തേക്ക് ഇറങ്ങാന്‍ നിയന്ത്രണമുണ്ടെന്നു ഹര്‍ജിക്കാര്‍ പരാതിപ്പെട്ടു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയന്ത്രണങ്ങള്‍ സമാനമല്ലേ എന്നു ചോദിച്ച കോടതി, പുതിയ ഉത്തരവ് ഭേദമാണെന്ന് വാക്കാല്‍ അഭിപ്രായപ്പെട്ടു. മൂവ്‌മെന്റ് റജിസ്റ്റര്‍ കാണാന്‍ മാതാപിതാക്കളെയും അനുവദിക്കണം.

റാഗിങ് ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തെറ്റു പറയാനാവില്ലെന്നും പറഞ്ഞു.ക്യാംപസുകള്‍ക്ക് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളുടെ കാര്യം മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നതെന്നു കോടതി എടുത്തു പറഞ്ഞു. കുട്ടികളെ തുറന്നു വിടണം എന്നല്ല ഉദ്ദേശിക്കുന്നത്, അവരെ അവിശ്വസിക്കുന്ന സാഹചര്യം പാടില്ലെന്നാണ് അര്‍ഥമാക്കിയതെന്നും കോടതി പറഞ്ഞു. അച്ചടക്കപാലനത്തിനു വേണ്ടി സമയനിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ലിംഗസമത്വ നയം ആവശ്യമാണെന്നും വനിതാ കമ്മിഷനു വേണ്ടി അഡ്വ. പാര്‍വതി മേനോന്‍ അറിയിച്ചു. കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റി.

സമൂഹത്തിന്റെ സദാചാരബോധം പെണ്‍കുട്ടികളില്‍ മാത്രം അടിച്ചേല്‍പിക്കുന്ന സ്ഥിതി മാറണമെന്നു കോടതി പറഞ്ഞിരുന്നു വിശ്രമമില്ലാത്ത ജോലി മടുപ്പിക്കും എന്ന് അര്‍ഥമുള്ള ഇംഗ്ലിഷ് പഴമൊഴി ഉദ്ധരിച്ച കോടതി, പെണ്‍കുട്ടികള്‍ക്കും ഇതു ബാധകമാണെന്നു പറഞ്ഞു. ‘ഓള്‍ വര്‍ക്ക് ആന്‍ഡ് നോ പ്ലേ മെയ്ക്‌സ് ജാക്ക് എ ഡള്‍ ബോയ്’ എന്ന ചൊല്ല് ‘ജാക്കി’നും ‘ജില്ലി’നും ബാധകമാണ്. പെണ്‍കുട്ടികള്‍ക്കു മാത്രമായി സമയ നിയന്ത്രണം പാടില്ല. പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ എന്നതല്ല പ്രശ്‌നമെന്നും, സമൂഹത്തിലെ ചില സാഹചര്യങ്ങളാണു പ്രശ്‌നമെന്നും കോടതി അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker