NationalNews

കർണാടകയിൽ സ്ഥിരീകരിച്ച HMPV രോഗബാധയ്ക്ക് ചൈനയുമായി ബന്ധമോ? വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം

ബെംഗളൂരു: കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്.എം.പി.വി (ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തേമുതലേ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്.എം.പി.വി. രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്ര യാത്രകള്‍ നടത്തിയിട്ടില്ല. അതിനാല്‍ തന്നെ അവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

മൂന്നുമാസവും എട്ടുമാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജാഗ്രതയുടെ ഭാഗമായുള്ള ഐ.സി.എം.ആറിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐ.സി.എം.ആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ -ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human metapneumovirsu). 2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ (Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമാകുന്ന ഇത് ജലദോഷം അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കുമെങ്കിലും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരേയും ഇത് കൂടുതലായി ബാധിക്കാം.

സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസവും പോലുള്ള ബുദ്ധിമുട്ടുകളും കാണിക്കാം. ചില സന്ദര്‍ഭങ്ങളില്‍, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.

രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ രോഗം പടരുന്നു. രോഗം ബാധിച്ചവര്‍ ചുമയ്ക്കുകയോ തുമ്മുകയോ വഴി രോഗം പടരാം. സ്പര്‍ശനം പോലുള്ള അടുത്ത ശാരീരിക ബന്ധവും രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിക്കുന്നതും രോഗബാധയുണ്ടാക്കാം.

എച്ച്.എം.പി.വിയുടെ ഇന്‍കുബേഷന്‍ കാലയളവ് സാധാരണയായി മൂന്ന് മുതല്‍ ആറ് ദിവസം വരെയാണ്. ഇത് ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍ ശൈത്യകാലത്തിന്റെ അവസാനത്തിലും വസന്തകാലത്തും പ്രചരിക്കുന്നു.

കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക എന്നിവയാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍. നിലവില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കുറയ്ക്കുക മാത്രമാണ് ചെയ്യാന്‍ സാധിക്കുക. ഇതിന് വിശ്രമം അത്യാവശ്യമാണ്. ഒപ്പം പനിയും ശ്വാസംമുട്ടലും വേദനയും കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കാം. ഗുരുതര കേസുകളില്‍ ആശുപത്രി പ്രവേശനം ആവശ്യമായി വന്നേക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker