തിരുവനന്തപുരം: കൊവിഡ് അതിതീവ്രവ്യാപന പശ്ചാത്തലത്തില്‍ നൂറ് കണക്കിനാളുകളെ അണിനിരത്തി സിപിഐഎം തിരുവാതിരക്കളി സംഘടിപ്പിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി. കൊവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും പാലിക്കേണ്ടത് തന്നെയാണെന്നും തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. മെഗാ തിരുവാതിര സംബന്ധിച്ച വിവാദത്തില്‍ സിപിഐഎം നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
പാറശാലയില്‍ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് സിപിഐഎം തന്നെ സൂചിപ്പിച്ചതിന് ശേഷമാണ് വിവാദത്തില്‍ ആരോഗ്യവകുപ്പിന്റെ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തുന്നത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ തിരുവാതിരയില്‍ 550 പേരാണ് പങ്കെടുത്തത്. പൂര്‍ണമായും കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച നടന്ന പരിപാടിക്കെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
സംസ്ഥാനം കൊവിഡ് മൂന്നാം തരംഗത്തിലാണെന്നും കനത്ത ജാഗ്രത ആവശ്യമാണെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാല്‍ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഒമിക്രോണ്‍ ബാധിച്ച 17% പേരില്‍ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.
ഡെല്‍റ്റയേക്കാള്‍ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോണ്‍. കേരളത്തില്‍ ഡെല്‍റ്റയേക്കാള്‍ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളില്‍ അഞ്ച് മുതല്‍ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ഈ ഘട്ടത്തില്‍ എന്‍95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് തന്നെ ധരിക്കണമെന്ന് മന്ത്രി ആവര്‍ത്തിച്ചു. കണ്ണിന് കാണാന്‍ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്സില്‍ നിന്ന് പോലും വൈറസ് പടര്‍ന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്ന് മന്ത്രി പറയുന്നു.
വാക്സിനേഷന്‍ നിര്‍ബന്ധമായും എടുക്കണം. മുന്‍നിര പ്രവര്‍ത്തകരും മറ്റ് അര്‍ഹരും ബൂസ്റ്റര്‍ ഡോസ് എടുക്കണം. പൊതുജനങ്ങള്‍ അടഞ്ഞ സ്ഥലത്ത് ഇരിക്കാതെ, തുറസായ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം. സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.