അനധികൃത അവധിയെടുത്ത 325 ഡോക്ടര്‍മാരെ പിരിച്ചു വിടന്‍ തീരുമാനം
തിരുവനന്തപുരം: അനധികൃത അവധിയില്‍ തുടരുകയും ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്ത 325 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ച് വിടാനൊരുങ്ങി ആരോഗ്യവകുപ്പ്. 2012 കാലയളവ് മുതല്‍ സര്‍വീസില്‍ ഹാജരാകാതെ അനധികൃത അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടിയുമായി മുന്നോട്ടു പോകുന്നത്. നേരത്തെ ജോലിയില്‍ പ്രവേശിക്കണമെന്ന് കാട്ടി ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടും തിരികെ എത്താത്തവര്‍ക്കെതിരെയാണ് കാരണം കാണിക്കല്‍ നോട്ടീസ് മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നിരന്തരം ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ ഉള്‍പ്പെടെ കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍മാരുടെ നടപടിയെ ആരോഗ്യവകുപ്പ് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. കൂടാതെ പുതുതായി ജനസേവനം നടത്താന്‍ അവസരം കാത്തിരിക്കുന്ന യുവ ഡോക്ടര്‍മാരുടെ അവസരം നഷ്ടപ്പെടുത്തുന്നതാണ് അനധികൃത അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ നടപടിയെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.