ഹര്‍ത്താല്‍ നിയമവിരുദ്ധമല്ല, സമാധാനപരമായ സമരങ്ങള്‍ ആഹ്വാനംചെയ്യാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്,രമേശ് ചെന്നിത്തലയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: 2017 ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി.ഹര്‍ത്താല്‍ നിയമവിരുദ്ധമല്ലെന്നും സമാധാനപരമായ സമരങ്ങള്‍ ആഹ്വാനംചെയ്യാന്‍ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന കോടതികളുടെ നേരത്തെയുള്ള വിധികളെ ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. മാടമ്പള്ളി പഞ്ചായത്തംഗം സോജന്‍ പവിയോസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ നേതാവ് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഈ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.