KeralaNews

ഈ വിഷച്ചെടിയെ ഉറപ്പായും തോൽപ്പിക്കണം, കടയ്ക്ക് നോക്കി വെട്ടണം; പി.സി ജോർജിനെതിരെ ഹരീഷ് വാസുദേവൻ

കൊച്ചി:ജനപക്ഷം നേതാവും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ. നിയമസഭ തിരഞ്ഞെടുപ്പിൽ ഉറപ്പായും തോൽപ്പിക്കേണ്ട സ്ഥാനാർത്ഥിയാണ് പി.സി ജോർജ് എന്നും ഹരീഷ് വാസുദേവൻ പറയുന്നു.

പി.സി ജോർജ് കേരളരാഷ്ട്രീയത്തിലെ ഒരു വിഷച്ചെടി ആണ്. കടയ്ക്ക് നോക്കി തന്നെ വെട്ടണമെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………..

ഈ തെരഞ്ഞെടുപ്പിൽ ഉറപ്പായും തോല്പിക്കേണ്ട ആൾ ആരാണെന്നു ചോദിച്ചാൽ എന്റെ ആദ്യ ഉത്തരം പീസീ ജോർജ് എന്നാണ്. പീസീ ജോർജ് കേരള രാഷ്ട്രീയത്തിലെ ഒരു വിഷച്ചെടി ആണ്. കടയ്ക്ക് നോക്കി വെട്ടേണ്ട വിഷചെടി.

‘അന്നന്ന് കാണുന്നവനെ അപ്പാന്ന് വിളിക്കും’ എന്നൊരു പ്രയോഗമുണ്ട് പൂഞ്ഞാർ ഭാഗത്ത്. നിലപാടുകൾ അപ്പപ്പോഴത്തെ ആവശ്യങ്ങൾക്ക് വേണ്ടി മാറ്റുക. ഇന്നലെ LDF ആണെങ്കിൽ ഇന്ന് UDF നാളെ NDA, അതാണ് ജോർജിന്റെ രാഷ്ട്രീയം.

ക്രൈം നന്ദകുമാറിനെപ്പോലെയുള്ള ആളുകളുമായാണ് ജോർജിന്റെ ആദ്യ സഹകരണം. ആർക്കെതിരെയും എന്ത് വൃത്തികേടും വിളിച്ചു പറയുക. ബ്ലാക്ക്മെയിൽ രാഷ്ട്രീയം. പിറ്റേന്ന് അവരോടൊപ്പം ചേരേണ്ട സാഹചര്യങ്ങളിൽ എല്ലാം വിഴുങ്ങുക..

നെല്ലിയാമ്പതിയിലെ വനഭൂമി തട്ടിയെടുക്കാൻ, വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ആളുടെ പേരിൽ പരാതിയുണ്ടാക്കി സർക്കാരിന് നിവേദനം തയ്യാറാക്കി നൽകിയത് PC ജോർജിന്റെ ലെറ്റർപാഡിൽ ആയിരുന്നു. കള്ളം കയ്യോടെ പിടിക്കപ്പെട്ടു. കേസായി.
മുഖം നോക്കാതെ എന്തു സത്യവും വിളിച്ചു പറയുന്ന ആളെന്ന ഇമേജ് സ്വയമുണ്ടാക്കി ആണ് ജോർജ് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാൽ, അപ്പപ്പോൾ ജോർജിന് ആവശ്യമുള്ളവരെ വാനോളം പുകഴ്ത്തുകയും എതിരാളിയുടെ മേൽ മലാഭിഷേകം നടത്തുകയും ചെയ്യുന്ന നാക്കാണ് ജോർജിന്. അധികാരമനുസരിച്ച് ഈ സമവാക്യങ്ങൾ മാറും.

KM മാണിയുടെ പാലാഴി റബർ ടയേഴ്‌സ് അഴിമതിയൊക്കെ തുറന്നുകാട്ടി ശ്രദ്ധനേടി. മാണിയോടൊപ്പം ചേർന്നപ്പോൾ എല്ലാം വിഴുങ്ങി.. VS അച്യുതാനന്ദൻ അധികാരത്തിൽ ഇരുന്നപ്പോൾ VS ന്റെ ആളായി. പിണറായി വിജയന് എതിരെ നുണക്കഥകൾ മെനഞ്ഞു. ഉമ്മൻചാണ്ടി വന്നപോൾ ഉമ്മൻചാണ്ടിയുടെ ആളായി. UDF സീറ്റ് നൽകാതെ വന്നപ്പോൾ ഉമ്മൻചാണ്ടിയെ പറയാത്ത വൃത്തികേടുകൾ ഇല്ല. മണ്ഡലത്തിലെ മുസ്ലിം വോട്ട് കിട്ടാൻ പോപ്പുലർ ഫ്രണ്ടിന്റെ യോഗത്തിന് പോയി അവരെ പുകഴ്ത്തും, പിന്നീട് ക്രിസ്ത്യൻ വർഗ്ഗീയ വോട്ട് കിട്ടാൻ മുസ്ലീങ്ങളേ തെറി പറയും ഇസ്ലാമിക വിരുദ്ധത പ്രസംഗിക്കും.. സ്വൽപ്പം RSS ചായ്വ്. LDF ൽ കേറാൻ പിണറായിയെ സ്തുതിച്ചു. ഏറ്റില്ല. അടിസ്ഥാനപരമായി ഒരു നിലപാടും ഇല്ല. അവനവനിസവും തോന്നിയവാസവും മാത്രം.

എല്ലാ MLA മാർക്കും മണ്ഡലവികസന ഫണ്ട് ഉള്ളത് കൊണ്ട് ആരു ജയിച്ചാലും മണ്ഡലത്തിലെ റോഡും പാലവും ഉണ്ടാകും. എന്നിട്ടും പീസീ ജോർജിനെതന്നെ എന്തേ പൂഞ്ഞാറുകാർ ജയിപ്പിക്കുന്നു? പൂഞ്ഞാർ മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടർമാരുടെ രാഷ്ട്രീയ നിലവാരം തന്നെയാണ് പീസീ ജോർജിന്റെയും എന്നാണോ മലയാളി മനസ്സിലാക്കേണ്ടത്? അവരുടെ സാംസ്കാരിക നിലവാരത്തിന്റെ ആണോ പീസീ ജോർജ്ജ്? ഈ രാഷ്ട്രീയ മാലിന്യത്തിൽ നിന്ന് പൂഞ്ഞാറുകാർക്ക് മോചനമില്ലേ?

ഇത്തവണ പൂഞ്ഞാറുകാർ ഈ ചോദ്യത്തിന് മറുപടി പറയും. കാത്തിരിക്കാം.

ഈ തെരഞ്ഞെടുപ്പിൽ ഉറപ്പായും തോല്പിക്കേണ്ട ആൾ ആരാണെന്നു ചോദിച്ചാൽ എന്റെ ആദ്യ ഉത്തരം പീസീ ജോർജ് എന്നാണ്. പീസീ ജോർജ്…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker