CricketNewsSports

'ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ആ തീരുമാനം എടുക്കുന്നു'; വിവാഹബന്ധം വേർപിരിയുകയാണെന്ന് ഹാർദ്ദിക് പാണ്ഡ്യ

മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീം സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യക്തിജീവിതത്തിലെ കഠിനമായ തീരുമാനം പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പിരിയുകയയാണെന്ന് ഹാര്‍ദ്ദിത് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നാലുവര്‍ഷം ഒരുമിച്ച് കഴി‌ഞ്ഞശേഷം ഞാനും നടാഷയും പരസ്പര സമതത്തോടെ വഴി പിരിയാന്‍ തിരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്‍റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്‍റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ വേര്‍പിരിയുകയാണ് രണ്ടുപേരുടെയും ഭാവിക്ക് നല്ലതെന്ന് തിരിച്ചറിഞ്ഞ് കഠിനമായ ആ തിരുമാനം ഞങ്ങള്‍ എടുക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ആ തീരുമാനം എടുത്തത്.

കുടുംബമെന്ന നിലയില്‍ ഓരോ നിമിഷവും ഞങ്ങള്‍ ആസ്വദിച്ചിരുന്നു. ഞങ്ങളുടെ ജീവത്തിലെ കേന്ദ്രബിന്ദുവായി മകന്‍ അഗസ്ത്യ തുടരും. അവന്‍റെ സന്തോഷത്തിനായി മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. ഈ വിഷമകരമായ ഘട്ടത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ തേടുന്നതിനൊപ്പം ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു.ഹാര്‍ദ്ദിക്-നടാഷ എന്നാണ് ഹാര്‍ദ്ദിക് പാണ്ഡ്യ എക്സ് പോസ്റ്റില്‍ പങ്കുവെച്ചത്.

ഈ വര്‍ഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകനായി അരങ്ങേറിയെങ്കിലും ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ നടാഷ വരാതിരുന്നതും സമീപകാലത്തൊന്നും നടാഷ ഹാര്‍ദ്ദിക്കിനൊപ്പമുള്ള ഒറ്റ ചിത്രം പോലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാതിരുന്നതും നടാഷയുടെ പിറന്നാളിന് പോലും ഹാര്‍ദ്ദിക് ആശംസ നേരാതിരുന്നതുമെല്ലാം ഇരുവരും തമ്മിലുള്ള ബന്ധം ഉലഞ്ഞുവെന്നതിന് തെളിവായി ആരാധകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

നടാഷ തന്‍റെ പേരിനൊപ്പം അടുത്തകാലംവരെ നടാഷ സ്റ്റാന്‍കോവിച്ച് പാണ്ഡ്യ എന്നാണ് കൊടുത്തിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ നടാഷ സ്റ്റാന്‍കോവിച്ച് എന്ന് മാത്രമാണുള്ളതെന്നും ഇരുവരും സമീപകാലത്തൊന്നും ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയും പരസ്പരം ഷെയര്‍ ചെയ്തിട്ടില്ലെന്നും റെഡ്ഡിറ്റിലെ പോസ്റ്റില്‍ ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2020 മെയിലാണ് ഹാര്‍ദ്ദിക്കും നടാഷയും വിവാഹിതരായത്. ഇരുവര്‍ക്കും നാല് വയസുള്ള അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്.

ഈ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നായകനായി അരങ്ങേറിയ ഹാര്‍ദ്ദിക്കിന് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച പ്രകടനം പുറത്തടെുക്കാനായിരുന്നില്ല. പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്.

എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഹാര്‍ദ്ദിക്കിനെ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ടി20 നായകനാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുതിയ പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെയാണ് നായകനാക്കാന്‍ നിര്‍ദേശിച്ചത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലുണ്ടെങ്കിലും ഹാര്‍ദ്ദിക്കിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായി. ശുഭ്മാന്‍ ഗില്ലാണ് പുതിയ വൈസ് ക്യാപ്റ്റന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker