25.1 C
Kottayam
Thursday, May 16, 2024

കാലിനു പരുക്കേറ്റ്‌ ഹാർദിക് പാണ്ഡ്യ വീണു, ഇന്ത്യയ്ക്കു വൻ തിരിച്ചടി; ബോളെറിഞ്ഞ്‌ കോലി

Must read

പുണെ: ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കു തിരിച്ചടിയായി ഹാർദിക് പാണ്ഡ്യയുടെ പരുക്ക്. മത്സരത്തിലെ ഒൻപതാം ഓവറിൽ പന്തെറിയുന്നതിനിടെയാണ് ഹാർദിക്കിന് കാലിൽ പരുക്കേറ്റത്. തുടർന്ന് ടീം ഫിസിയോമാരെത്തി താരത്തെ പരിശോധിച്ചു. മുടന്തിയാണ് ഹാര്‍ദിക് ഗ്രൗണ്ട് വിട്ടത്. ബംഗ്ലദേശിനെതിരെ തന്റെ ആദ്യ ഓവറിലെ മൂന്നു പന്തുകൾ എറിഞ്ഞതിനു പിന്നാലെയായിരുന്നു താരത്തിനു പരുക്കേറ്റത്.

ബംഗ്ലദേശിനെതിരായ മത്സരത്തിൽ പാണ്ഡ്യ ഇനി കളിക്കാനിറങ്ങില്ലെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പാണ്ഡ്യയുടെ ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകള്‍ വിരാട് കോലിയാണ് പിന്നീട് എറിഞ്ഞു തീർത്തത്.  മൂന്നു പന്തിൽനിന്നു കോലി വഴങ്ങിയത് രണ്ട് റൺസുകൾ മാത്രം. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ഹാർദിക് പാണ്ഡ്യ അടുത്ത മത്സരങ്ങളിൽ കളിക്കുമോയെന്നും വ്യക്തമല്ല.

22ന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നാലു കളികളിൽ നാലും ജയിച്ചാണ് ന്യൂസീലൻഡ് ധരംശാലയിൽ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. വിരാട് കോലി അപൂർവമായി മാത്രമാണ് രാജ്യാന്തര ക്രിക്കറ്റിൽ പന്തെറിഞ്ഞിട്ടുള്ളത്. ഏകദിനത്തിൽ 48 ഇന്നിങ്സുകളിൽ നാല് വിക്കറ്റുകളും ട്വന്റി20യില്‍ 13 ഇന്നിങ്സുകളിൽനിന്ന് നാലു വിക്കറ്റുകളും കോലി നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ 11 ഇന്നിങ്സുകളിൽ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും വിക്കറ്റൊന്നും കിട്ടിയിട്ടില്ല. ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ  ബംഗ്ലദേശ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 256 റൺസെടുത്തു. 82 പന്തിൽ 66 റൺസെടുത്ത ലിറ്റൻ ദാസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ.

ഓപ്പണർമാർ മികച്ച തുടക്കം നൽകിയിട്ടും അതു മുതലെടുക്കാൻ പിന്നാലെയെത്തിയ ബംഗ്ലദേശ് ബാറ്റർമാർക്കു സാധിച്ചില്ല. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.ഷാര്‍ദൂൽ ഠാക്കൂറും കുൽദീപ് യാദവും ഓരോ വിക്കറ്റും നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week