27.3 C
Kottayam
Tuesday, April 30, 2024

ഗുജറാത്തിനെതിരെ ആദ്യ ഓവര്‍,ഹൈദരബാദിനെതിരെ രണ്ടാം ഓവര്‍ രാജസ്ഥാനെതിരെ എറിഞ്ഞില്ല പാണ്ഡ്യയുടെ ബൗളിംഗ് ‘തന്ത്ര’ങ്ങള്‍ക്കെതിരെ പരിഹാസം

Must read

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പന്തെറിയാന്‍ മടിച്ച് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യ ഓവറില്‍ തന്നെ പന്തെറിയാന്‍ എത്തിയ പാണ്ഡ്യ, രാജസ്ഥാനെതിരെ ഓരോവര്‍ പോലും എറിയാന്‍ നിന്നില്ല. ഗുജറാത്തിനെതിരെ രണ്ടോവറുകള്‍ എറിഞ്ഞു തീര്‍ത്തതിനു ശേഷമാണ് സ്‌പെഷലിസ്റ്റ് ബോളറായ ജസ്പ്രീത് ബുമ്രയ്ക്കു പോലും പാണ്ഡ്യ പന്തു നല്‍കിയത്. കളി തോറ്റതോടെ മുംബൈ ക്യാപ്റ്റന്റെ ഈ തീരുമാനം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.

ഗുജറാത്തിനെതിരെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ബുമ്ര മുംബൈയ്ക്കായി വിക്കറ്റും വീഴ്ത്തിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ടൈറ്റന്‍സിനെതിരെ പാണ്ഡ്യ മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയിരുന്നില്ല. താരം 30 റണ്‍സ് വഴങ്ങുകയും ചെയ്തു. നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി ബുമ്ര ഈ കളിയില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഗുജറാത്തിനെതിരെ മുംബൈ ആറു റണ്‍സിനു തോറ്റിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എവേ മത്സരത്തില്‍ പാണ്ഡ്യയാണ് രണ്ടാം ഓവര്‍ എറിഞ്ഞത്. വിദേശ താരം മപാകയുടെ ആദ്യ ഓവറിനു ശേഷമായിരുന്നു പാണ്ഡ്യയുടെ എന്‍ട്രി. ഈ കളിയിലും ബുമ്ര നാലാം ഓവറാണ് എറിഞ്ഞത്. നാല് ഓവറുകള്‍ പൂര്‍ത്തിയാക്കിയ പാണ്ഡ്യയ്ക്ക് ഹൈദരാബാദില്‍ ഒരു വിക്കറ്റു ലഭിച്ചു. 46 റണ്‍സാണ് പാണ്ഡ്യ വഴങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തപ്പോള്‍, മുംബൈയുടെ മറുപടി അഞ്ചിന് 246 റണ്‍സില്‍ അവസാനിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളി 31 റണ്‍സിനു വിജയിച്ചു.

മുംബൈയുടെ ആദ്യ ഹോം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആറു വിക്കറ്റ് വിജയമാണു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണു നേടിയത്. 21 പന്തുകള്‍ നേരിട്ട ഹാര്‍ദിക് പാണ്ഡ്യ 34 റണ്‍സെടുത്തു. 29 പന്തില്‍ 32 റണ്‍സെടുത്ത് തിലക് വര്‍മയും മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി.

രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ സഞ്ജു സാംസണ്‍ തകര്‍പ്പനൊരു ക്യാച്ചെടുത്താണ് രോഹിത്തിനെ മടക്കിയത്. നമന്‍ ഥിര്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നീ മുംബൈ താരങ്ങളും റണ്ണൊന്നുമെടുക്കാതെ പുറത്തായി.

ചെറിയ വിജയലക്ഷ്യമായതുകൊണ്ടാകണം രാജസ്ഥാനെതിരെ ഹാര്‍ദിക് പാണ്ഡ്യ പന്തൊന്നും എറിയാതിരുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചു. ”നിങ്ങളുടെ മികച്ച ബോളറെ നേരത്തേ കൊണ്ടുവരികയെന്നതു റോക്കറ്റ് സയന്‍സൊന്നുമല്ല. അവസാനം ന്യൂബോളില്‍ ബുമ്രയെത്തി. ചെറിയ ടോട്ടല്‍ ആയതുകൊണ്ട് അതിനു നിര്‍ബന്ധിതമായതാകും.”- ഇര്‍ഫാന്‍ പഠാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ജസ്പ്രീത് ബുമ്ര, ക്വെന മപാക, ആകാശ് മധ്‌വാള്‍, ജെറാള്‍ഡ് കോട്‌സീ, പിയൂഷ് ചൗള എന്നിവരാണു മുംബൈയ്ക്കായി പന്തെറിഞ്ഞത്. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനെ ആകാശ് മധ്‌വാളാണു കുറച്ചെങ്കിലും പരീക്ഷിച്ചത്. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി താരം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുമ്രയ്ക്കു വിക്കറ്റൊന്നും ലഭിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week