റെയ്‌നക്ക് പിന്നാലെ ഹര്‍ഭജനും ഐ.പി.എല്ലില്‍ നിന്ന് പിന്മാറി
സുരേഷ് റെയ്‌നക്ക് പിന്നാലെ മറ്റൊരു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഹര്‍ഭജന്‍ സിംഗും ഐപിഎലില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ഭജന്‍ ഐപിഎലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. സുരേഷ് റെയ്‌നക്കൊപ്പം ഹര്‍ഭജന്‍ കൂടി പിന്മാറിയത് സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടിയാകും.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ ഹര്‍ഭജന് ആശങ്കയുണ്ടാക്കിയിരുന്നു. അദ്ദേഹം ചെപ്പോക്കില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുത്തിരുന്നില്ല. ഇതുവരെ താരം യുഎഇയില്‍ എത്തിയതുമില്ല. ചൊവ്വാഴ്ചയാണ് താരം യുഎഇയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍, ക്യാമ്പിലെ കൊവിഡ് കണക്കുകള്‍ താരത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒന്നുകില്‍ അദ്ദേഹം വരാന്‍ താമസിക്കും. അല്ലെങ്കില്‍ ഇക്കൊല്ലത്തെ ഐപിഎല്‍ ക്യാന്‍സല്‍ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം, ക്യാമ്പില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌ന തിരികെ ടീമിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. ടീം ഉടമ എന്‍ ശ്രീനിവാസനോടും ക്യാപ്റ്റന്‍ എംഎസ് ധോണിയോടും താരം മാപ്പ് പറഞ്ഞു എന്നും തന്നെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം അപേക്ഷിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ റെയ്‌നയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വാട്‌സപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തു. ഇതിനു പിന്നാലെ താരം ധോണിയെ സമീപിച്ച് ടീമിലേക്ക് തിരികെ എടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. ധോണിയും സ്റ്റീഫന്‍ ഫ്‌ലെമിങും ഉള്‍പ്പെടെയുള്ള ടീം മാനേജ്‌മെന്റ് വിഷയം പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലാണ് ഐപിഎല്‍ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിള്‍ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാര്‍ച്ച് 29 ന് നടത്താനിരുന്ന ഐപിഎല്‍ മത്സരങ്ങളാണ് കൊവിഡിനെത്തുടര്‍ന്ന് അനിശ്ചിതമായി നീണ്ടു പോയത്.