ടെൽ അവീവിലേക്ക് ഹമാസിന്റെ മിന്നലാക്രമണം; ഇസ്രയേലിലേക്ക് തുടരെ തൊടുത്തത് എട്ടു മിസൈലുകൾ
ടെൽ അവീവ്: ഇസ്രയേലിനു നേരെ വീണ്ടും ഹമാസിന്റെ മിന്നലാക്രമണം. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകൾ തൊടുത്തത്. എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തതെന്നാണ് റിപ്പോർട്ട്.
ടെല്‍ അവീവില്‍ വലിയ മിസൈല്‍ ആക്രണം നടത്തിയെന്ന വിവരം ഹമാസിന്റെ സൈനിക സേനയായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‍സ് തങ്ങളുടെ ടെലഗ്രാം ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. മിസൈലുകളിൽ പലതിനെയും ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
മിന്നലാക്രമണത്തിൽ വ്യാപാര സമുച്ചയങ്ങള്‍ നിറഞ്ഞ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഹെർസ്‌ലിയ, പേറ്റാ ടിക്വ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്ന് റോക്കറ്റ് സൈറണുകള്‍ മുഴങ്ങി. നിലവില്‍ റഫായില്‍ ഇസ്രായേല്‍ സൈനികനടപടികള്‍ സ്വീകരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആളപായം സ്ഥിരീകരിച്ചിട്ടില്ല.