25.2 C
Kottayam
Sunday, May 19, 2024

13 ഇസ്രയേലി പൗരന്മാരെ മോചിപ്പിച്ച് ഹമാസ്, കരാറില്‍ ഇല്ലാതിരുന്ന 12 തായ് പൗരന്മാർക്കും മോചനം

Must read

ടെല്‍ അവീവ്‍: വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ബന്ദികളെ മോചിപ്പിച്ച് ഹമാസ്. 49 ദിവസമായി ഹമാസിന്റെ തടവിലായിരുന്ന 13 ഇസ്രയേല്‍ ബന്ദികളെ ഈജിപ്തിന് കൈമാറി.  ഈജിപ്ത് ഇവരെ റെഡ്ക്രോസിന് കൈമാറി. റെഡ്ക്രോസ് അംഗങ്ങള്‍ ബന്ദികളെ റഫ അതിര്‍ത്തിയില്‍ വ്യോമമാര്‍ഗം എത്തിക്കും. തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം ഇവരെ ആശുപത്രിയിലേക്ക് മാറ്റും.

16000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് 49ആം നാള്‍ അയവ് വന്നിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. അതേസമയം ഇസ്രയേൽ ഇന്ന് മോചിപ്പിക്കുക 24 പലസ്തീൻ സ്ത്രീകളെയും 15 കുട്ടികളെയുമാണ്. മാസങ്ങളായി ഇസ്രയേലി ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. ഇസ്രയേലി ബന്ദികള്‍ രാജ്യത്ത് എത്തിയാലുടന്‍ പലസ്തീനി ബന്ദികളെ മോചിപ്പിക്കും.

സമാധാന കരാറില്‍ ഇല്ലാതിരുന്ന 12 തായ്‌ലൻഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചു. തായ്‌ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണെന്നുമാണ് ഹമാസിന്‍റെ പ്രതികരണം. 12 തായ് പൗരന്മാർ മോചിതരായതായി തായ്‌ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

നാല് ദിവസമായി 150 പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ മോചിപ്പിക്കുക. പകരം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇവരില്‍ 30 പേര്‍ കുട്ടികളും 20 പേര്‍ സ്ത്രീകളുമാണ്. നാല് ദിവസത്തെ സമാധാന കരാറാണ് പ്രാബല്യത്തില്‍ വന്നത്. ഇത് നീട്ടാന്‍ കഴിയുമോ എന്ന് അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 

ഖത്തറിന്‍റെ മധ്യസ്ഥതയിലാണ് നാല് ദിവസത്തെ സമാധാന കരാറുണ്ടായത്. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു. യുദ്ധം തുടരുമ്പോഴും ബന്ദികളെ മോചിപ്പിക്കാന്‍ കഴിയാത്തതിന്‍റെ പേരില്‍ ഇസ്രയേല്‍ പ്രസിഡന്‍റ് ബെന്യാമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരസ്യ പ്രതിഷേധത്തിലേക്ക് വരെ നീങ്ങുന്ന സാഹചര്യമുണ്ടായി. അതിനിടെയാണ് ഈ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളില്‍ ചിലരുടെ മോചനത്തിന് വഴിയൊരുങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week