നാളെ നാല് ബന്ദികളെ കൂടി വിട്ടയക്കുമെന്ന് ഹമാസ് ; തിരികെ എത്തുന്നത് ഒക്ടോബർ ഏഴിന് തട്ടിക്കൊണ്ടുപോയ വനിതാ സൈനികർ
ടെൽ അവീവ് : ഗാസ മുനമ്പിലെ വെടിനിർത്തലിൻ്റെ ഭാഗമായി ജനുവരി 25 ശനിയാഴ്ച നാല് ബന്ദികളെ കൂടി വിട്ടയക്കാൻ തയ്യാറായി ഹമാസ്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി മൂന്ന് ഇസ്രായേലി സ്ത്രീകളെ ഹമാസ് ഏതാനും ദിവസങ്ങൾക്കു മുൻപ് മോചിപ്പിച്ചിരുന്നു.
ശനിയാഴ്ച മോചിപ്പിക്കാനിരുന്ന നാല് ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് നേതാക്കൾ വെളിപ്പെടുത്തി. ഇസ്രായേൽ സൈനികരായ നാല് സ്ത്രീകളെ ആണ് വിട്ടയക്കാൻ തയ്യാറായിരിക്കുന്നത്. ഐഡിഎഫ് നിരീക്ഷണ സംഘത്തിലെ നാല് പേരെ ശനിയാഴ്ച വിട്ടയക്കുമെന്ന് ഹമാസിൻ്റെ സായുധ വിഭാഗം – ഇസ്സെൽദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആണ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.
കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നീ വനിതാ സൈനികരെ ആണ് ശനിയാഴ്ച ഹമാസ് വിട്ടയക്കുക. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബർ 7 ആക്രമണത്തിനിടെ നഹാൽ ഓസിലെ സൈനിക നിരീക്ഷണ താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നവരാണ് ഈ നാല് വനിതാ സൈനികരും.