CrimeNationalNews

കോളേജ് അധ്യാപികയെ കാറിലിട്ട് കൊന്ന് കാട്ടിൽ തള്ളി;ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍

പനജി: കോളേജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. കോര്‍ലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളേജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35)യെ കൊലപ്പെടുത്തിയ കേസിലാണ് ജിംനേഷ്യം പരിശീലകനും മഹാരാഷ്ട്ര സ്വദേശിയുമായ ഗൗരവ് ബിദ്ര(36)യെ ഓള്‍ഡ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദത്തില്‍നിന്ന് പ്രൊഫസര്‍ പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നും ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഗോവയെ ഞെട്ടിച്ച അരുംകൊല നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ഗൗരിയുടെ മാതാവ് പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ഗൗരി സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്തിയ പോലീസ് സംഘം ഇവരുടെ നാനോ കാര്‍ വഴിയരികില്‍ കണ്ടെത്തി. ഇതിനിടെ, യുവതിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചു. തുടര്‍ന്നാണ് ഗൗരവ് ബിദ്രയുടെ നമ്പറില്‍നിന്ന് യുവതിയുടെ ഫോണിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വന്നതായി കണ്ടെത്തിയത്. ഇതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

ബിദ്രയുടെ ഫ്‌ളാറ്റില്‍വെച്ചാണ് പോലീസ് ആദ്യം ഇയാളെ ചോദ്യംചെയ്തത്. ആദ്യഘട്ടത്തില്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികള്‍ നല്‍കി ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ജിംനേഷ്യം പരിശീലകനായ ഗൗരവിനെ 2021-ലാണ് ഗൗരി ആചാരി പരിചയപ്പെടുന്നത്. പേഴ്‌സണല്‍ ഫിറ്റ്‌നെസ് പരിശീലകനെ തേടിയിരുന്ന ഗൗരിക്ക് ഇന്റര്‍നെറ്റില്‍നിന്നാണ് ഗൗരവിന്റെ വിലാസവും നമ്പറും ലഭിച്ചത്. തുടര്‍ന്ന് ഗൗരവിനെ ബന്ധപ്പെടുകയും ഇയാള്‍ യുവതിക്ക് പരിശീലനം നല്‍കുന്നത് ആരംഭിക്കുകയുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. എന്നാല്‍ കഴിഞ്ഞമാസം മുതല്‍ യുവതി ഗൗരവില്‍നിന്ന് അകലം പാലിച്ചു. ഗൗരവുമായുള്ള സൗഹൃദം തുടരാന്‍ താത്പര്യമില്ലെന്നും തുറന്നുപറഞ്ഞു. ഇതോടെയാണ് ഗൗരവിന് യുവതിയോട് പക ആരംഭിച്ചതെന്നും ഈ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

സംഭവദിവസം വൈകിട്ട് 4.30-ഓടെ പ്രതി യുവതിയുടെ വീടിന് സമീപമെത്തിയിരുന്നു. യുവതി എത്തിയിട്ടില്ലെന്ന് മനസിലാക്കിയ ഇയാള്‍ വീടിന് സമീപം കാത്തിരുന്നു. വൈകിട്ട് 6.30-ഓടെയാണ് ഗൗരി ആചാരി വീടിന് സമീപമെത്തിയത്. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ പ്രതി യുവതിയുടെ അരികിലെത്തി. യുവതി കാറിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ അകത്തേക്ക് തള്ളിയിട്ട് പ്രതി കാറിനുള്ളില്‍ കയറി. തുടര്‍ന്ന് ഗൗരിയുമായി സംസാരിക്കാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച യുവതി, കാറില്‍നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചു. ഇതോടെ യുവതിയെ പിടിച്ചുവലിച്ച് വീണ്ടും കാറിനകത്തേക്ക് തള്ളിയിട്ട പ്രതി വാതില്‍ പൂട്ടിയശേഷം യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഗൗരി മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹവുമായി ഇയാള്‍ കാറോടിച്ച് പോയി. തുടര്‍ന്ന് കോര്‍ലിമിലെ പാര്‍ക്കിന് സമീപം വാഹനം നിര്‍ത്തി മൃതദേഹം തന്റെ കാറിലേക്ക് മാറ്റി. പിന്നീട് ഓള്‍ഡ് ഗോവയിലെ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.പ്രതിയുടെ മൊഴിയനുസരിച്ച് ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടില്‍നിന്ന് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പിന്നീട് ബാംബോലിം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അറസ്റ്റിലായ ഗൗരവിന് ഭാര്യയും ഒരു കുട്ടിയും ഉണ്ടെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കോവിഡ് ലോക്ക്ഡൗണിന് ശേഷമാണ് ഇയാള്‍ ഗോവയിലെത്തി താമസം ആരംഭിച്ചത്. യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് ഇയാള്‍ക്കെതിരേ മുംബൈയില്‍ കേസുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നുവര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ഗൗരവ് ജാമ്യത്തിലിറങ്ങിയതാണ്. ഫിറ്റ്‌നെസ് പരിശീലകനായ പ്രതി അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പരിശീലനം നല്‍കിയിരുന്നതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരുമാസം മുമ്പ് ഗോവ പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന(എ.ടി.എസ്)യിലെ അംഗങ്ങള്‍ക്കും പ്രതി പരിശീലനം നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker