
അഹമ്മദാബാദ്:ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യ തിരിച്ചെത്തിയിട്ടും വിജയം കാണാതെ മുംബൈ.ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനാണ് മുംബൈ തോറ്റത്.മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി നുണഞ്ഞപ്പോള്‍ ഗുജറാത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്.സൂര്യകുമാര്‍ യാദവും (28 പന്തില്‍ 48), തിലക് വര്‍മയും (36 പന്തില്‍ 39) മാത്രമാണ് മുംബൈ ഇന്ത്യന്‍സിനായി ബാറ്റിങ്ങില്‍ കുറച്ചെങ്കിലും തിളങ്ങിയത്.
തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ (എട്ട്), റയാന്‍ റിക്കിള്‍ട്ടന്‍ (ആറ്) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ മുംബൈ പ്രതിരോധത്തിലേക്കു മടങ്ങിയിരുന്നു.തിലക് വര്‍മയുടേയും സൂര്യകുമാറിന്റേയും ചെറുത്തുനില്‍പ്പ് വലിയൊരു തകര്‍ച്ചയില്‍നിന്ന് മുംബൈയെ രക്ഷിച്ചു.
12.1 ഓവറില്‍ മുംബൈ 100 കടന്നു. ഇരുവരുടേയും പുറത്താകലിനു പിന്നാലെയെത്തിയ റോബിന്‍ മിന്‍സിനും (മൂന്ന്), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും (17 പന്തില്‍ 11) വമ്പനടികള്‍ക്കുള്ള അവസരം ലഭിച്ചില്ല.
നമന്‍ ഥിറും മിച്ചല്‍ സാന്റ്നറും അവസാന പന്തുകളില്‍ 18 റണ്‍സ് വീതം അടിച്ചെടുത്തെങ്കിലും, തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് അത് ഉപകരിച്ചത്. ഗുജറാത്തിനായി പേസര്‍മാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ ഓപ്പണര്‍ സായ് സുദര്‍ശന്റെ അര്‍ധ സെഞ്ചുറി മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്.ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ഗുജറാത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. സുദര്‍ശന്‍ 41 പന്തില്‍ രണ്ട് സിക്സും നാല് ഫോറും ചേര്‍ത്ത് 63 റണ്‍സ് നേടി പുറത്തായി.
51 പന്തുകള്‍ 78 റണ്‍സ് പിറന്നു ഈ കൂട്ടുകെട്ടില്‍. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് സുദര്‍ശന്‍ പുറത്തായത്. സുദര്‍ശന്റെ എട്ടാമത്തെ ഐപിഎല്‍ അര്‍ധ സെഞ്ചുറിയാണിത്. ഗില്ലിനെ (38) നാമന്‍ ധിറിന്റെ കൈകളിലെത്തിച്ച് ഹാര്‍ദിക്കാണ് വിക്കറ്റുവേട്ടയ്ക്ക് തുടക്കമിട്ടത്.
വണ്‍ഡൗണായെത്തിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ 24 പന്തില്‍ 39 റണ്‍സ് നേടി. ഷര്‍ഫാന്‍ റഥര്‍ഫോഡ് 11 പന്തില്‍ 18 റണ്‍സും നേടി. 179-ന് മൂന്ന് എന്ന നിലയിലായിരുന്ന ഗുജറാത്ത് പിന്നീട് 17 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ കളഞ്ഞു. ഷാരൂഖ് ഖാന്‍ (9), രാഹുല്‍ തെവാട്ടിയ (0), റാഷിദ് ഖാന്‍ (6) കഗിസോ റബാദ (7), സായ് കിഷോര്‍ (1) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.മുംബൈക്കായി ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍, മുജീബുര്‍റഹ്‌മാന്‍, സത്യനാരായണ രാജു എന്നിവര്‍ ഓരോ വിക്കറ്റ് നേടി.