പത്തനംതിട്ട:പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന കേസിലെ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ ദിനാജ്പുർ സ്വദേശി ബിഥൻ ചന്ദ്ര സർക്കാരാണ് അറസ്റ്റിലായത്. സ്വന്തം നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാൾ മാൾഡ സ്വദേശി ഫനീന്ദ്ര ദാസിനെ പന്തളം ബസ് സ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സുഹൃത്തിക്കളായിരുന്ന ബിഥൻ ചന്ദ്ര സർക്കാരും ഫനീന്ദ്ര ദാസും ഒന്നിച്ചിരുന്ന് മദ്യപിച്ചതിന് ശേഷമുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മദ്യത്തിന്റെ പണത്തെച്ചെല്ലിയാണ് തർക്കമുണ്ടായത്. തർക്കം അടിയിലേക്ക് നീണ്ടു. പന്തളം ബസ് സ്റ്റാന്റിന് സമീപത്തെത്തിയപ്പോൾ പാറക്കല്ലെടുത്ത് ബിഥൻ ചന്ദ്ര സർക്കാർ ഫനീന്ദ്ര ദാസിന്റെ തലയ്ക്കടിച്ചു. ആഴത്തിൽ മുറിവേറ്റ ഫനീന്ദ്ര ദാസ് രക്തം കട്ട പിടിച്ചാണ് മരിച്ചത്. സംഭവത്തിന് ശേഷം ഇരുവരം താമസിച്ചിരുന്ന കടയ്ക്കലിലെ വാടക വീട്ടിലെത്തി വസ്ത്രങ്ങൾ എടുത്ത് തോന്നല്ലൂരിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയി. അവിടെ നിന്ന് ചെങ്ങന്നൂർ റെയിൽ വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കസ്റ്റഡിയിലായത്. സംഭവ ദിവസം തന്നെ ഇയാളാണ് പ്രതിയെന്ന സൂചന കിട്ടിയിരുന്നു. ഇരുവരും ഒന്നിച്ച് മദ്യപിക്കത് മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് നിർണായക തെളിവായത്.