
കോട്ടയം: താമസ സ്ഥലത്ത് പ്ലാസ്റ്റിക് പാത്രത്തില്‍ കഞ്ചാവ് നട്ട് വളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. മാമ്മൂട് പള്ളിക്ക് സമീപം റബ്ബര്‍ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനായ ആസ്സാം സ്വദേശി ബിപുല്‍ ഹോഗോയ് ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ വ്യാപകമായി ലഹരിവിരുദ്ധ പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മാമ്മൂട് ഭാഗത്തുള്ള ഇതര സംസ്ഥാന ക്യാമ്പും പരിശോധിച്ചത്. പരിശോധനയില്‍ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഹുക്ക കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ പ്രതി ശൗചാലയത്തിന് പിന്നിലായി പ്ലാസ്റ്റിക് പാത്രത്തില്‍ നട്ടുനനച്ചുവളര്‍ത്തിയ ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തുകയുമായിരുന്നു.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍ എം.ജെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സിബിമോന്‍, സിബിച്ചന്‍ ജോസഫ്, എസ്‌സിപിഒ റെജിമോന്‍, ബിജു, ശ്രീകുമാര്‍, സിപിഒ ഷമീര്‍, ചങ്ങനാശേരി ഡാന്‍സാഫ് സംഘാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.