വിവാഹാഘോഷം സംഘടിപ്പിക്കാനെത്തിയ ‘വെഡ്ഡിങ് പ്ലാനര്‍’ യുവാവുമായി വരൻ പ്രണയത്തില്‍; വിവാഹത്തിൽനിന്ന് പിന്മാറി യുവതി

ടൊറണ്ടോ:വിവാഹത്തിന് മുന്‍പായി അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ ഏറെയുണ്ട്. വര്‍ഷങ്ങളോളം പ്രണയിച്ചശേഷമാണ് രണ്ടുപേര്‍ തമ്മില്‍ വിവാഹിതരാകുന്നതെങ്കില്‍ ആ മുന്നൊരുക്കങ്ങളും വളരേയേറെ പ്രത്യേകതകള്‍ നിറഞ്ഞതാകും. വിവാഹാഘോഷവും ചടങ്ങുകളുമെല്ലാം എങ്ങനെ വേണമെന്ന് വിവാഹത്തിന് മുന്‍പേ ഇരുവരും പരസ്പരം ചര്‍ച്ചചെയ്തു തീരുമാനിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍, വിവാഹത്തിന് മുന്‍പുള്ള ഈ ഘട്ടത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായ ട്വിസ്റ്റാണ് കാനഡയിൽനിന്നുള്ള ഈ പ്രതിശ്രുത വധൂവരന്മാരുടെ ജീവിതത്തിലുണ്ടായത്.
പ്രതിശ്രുത വരന്‍ വിവാഹാഘോഷം ആസൂത്രണം ചെയ്യാനെത്തിയ ‘വെഡ്ഡിങ് പ്ലാനര്‍’ ആയ യുവാവുമായി പ്രണയത്തിലായതോടെ വിവാഹംതന്നെ മുടങ്ങിയ വിചിത്ര സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. വ്യക്തിബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന കോളമിസ്റ്റായ ലിസി ടെഷര്‍ ‘ടൊറന്റോ സ്റ്റാറി’ലെഴുതിയ കുറിപ്പിലാണ് സംഭവം വിശദീകരിക്കുന്നത്. ഇരുവരുടെയും പേരുകളോ എന്നാണ് സംഭവം നടന്നതെന്നോ മറ്റുവിശദാംശങ്ങളോ അവർ പുറത്തുവിട്ടിട്ടില്ല.
വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിന് ശേഷമാണ് കമിതാക്കളായ യുവതീയുവാക്കൾ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇവരുടെ വിവാഹാഘോഷവും ചടങ്ങുകളുമെല്ലാം രണ്ടുപേരും ചേര്‍ന്നായിരുന്നു തീരുമാനിച്ചത്. വിവാഹവസ്ത്രം അടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം വധുവായ യുവതി ഏറ്റെടുത്തു. വിവാഹവേദിയും മറ്റ് ഒരുക്കങ്ങളും വരന്റെ ചുമതലയായിരുന്നു. ഇതിനായി വരന്‍ ഒരു ‘വെഡ്ഡിങ് പ്ലാനറു’ടെ സേവനവും തേടി.
വിവാഹത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് യുവതി തന്റെ പ്രതിശ്രുതവരന് മറ്റൊരു ബന്ധമുണ്ടെന്ന കാര്യം കണ്ടെത്തിയത്. ദീര്‍ഘകാലം കാമുകനായ പ്രതിശ്രുതവരനെക്കുറിച്ച് വധുവിന് അതുവരെ യാതൊരുസംശയങ്ങളും ഉണ്ടായിരുന്നില്ല. പെട്ടെന്നുള്ള ഈ അറിവ് യുവതിയെ തകർത്തുകളഞ്ഞു. ആരാണ് ആ രഹസ്യ കാമുകി എന്ന് കണ്ടെത്താനായി പിന്നത്തെ ശ്രമം.
അധികം ബുദ്ധിമുട്ടാതെതന്നെ ആ വിവരം കണ്ടെത്താൻ യുവതിയ്ക്ക് സാധിച്ചു. കാമുകിയല്ല, ഒരു കാമുകനാണ് തന്‍റെ പ്രതിശ്രുതവരന് ഉള്ളതെന്ന് ഞെട്ടലോടെയാണ് യുവതി മനസ്സിലാക്കിയത്. അത് മറ്റാരുമായിരുന്നില്ല, വിവാഹാഘോഷം സംഘടിപ്പിക്കാൻ എത്തിയ വെഡ്ഡിങ് പ്ലാനറുമായി ആയിരുന്നു വരന് പ്രണയം!
യുവതിയുമായുള്ള വിവാഹത്തിന് ശേഷവും വെഡ്ഡിങ് പ്ലാനറായ പുരുഷനുമായി ബന്ധം തുടരാനായിരുന്നു പ്രതിശ്രുത വരന്റെ ആഗ്രഹം. പക്ഷേ, വധുവായ യുവതിക്ക് ഇത് സ്വീകാര്യമായില്ല. തുടര്‍ന്ന് വധു വിവാഹം വേണ്ടെന്നുവെയ്ക്കുകയായിരുന്നു. പ്രതിശ്രുതവരനാകട്ടെ തന്‍റെ കാമുകനുമായി പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്തു.