KeralaNews

13 ന് രാത്രിയില്‍ ഒരു മണിക്കൂര്‍ സെക്‌സ് ചാറ്റ്,14 ന് ലൈംഗിക ബന്ധത്തിനുശേഷം ഷഡാംഗപാനീയം നല്‍കി കൊലപാതകം, കൊടുംകുറ്റവാളിയായ ഗ്രീഷ്മ തൂക്കുകയറിലേക്ക് നീങ്ങുമ്പോള്‍

തിരുവനന്തപുരം: സൈനികനുമായുള്ള വിവാഹബന്ധം ഉറപ്പായതോടെയാണ്, ജീവനുതുല്യം തന്നെ സ്നേഹിച്ചിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ 10 മാസത്തോളം നീണ്ട ആസൂത്രണം ഗ്രീഷ്മ തുടങ്ങിയത്. 2022 ഓഗസ്റ്റില്‍ അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നുവെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കയ്പുകാരണം ഷാരോണ്‍ അതു തുപ്പിക്കളഞ്ഞു. ഈ സംഭവം നടന്നതിന്റെ അന്നു രാവിലെയും അമിത അളവില്‍ ഗുളികകള്‍ മനുഷ്യ ശരീരത്തില്‍ കടന്നാലുള്ള ആഘാതങ്ങളെക്കുറിച്ചു ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതി.

ഷാരോണിന് വിഷം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ ഏഴരയോടെയും വിഷത്തിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞു. ഈ ഡിജിറ്റല്‍ തെളിവുകള്‍ കോടതി രേഖപ്പെടുത്തി. വിഷത്തിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കിയിട്ടാണ് അന്ന് പത്തരയോടെ ഷാരോണിനെ കുടിപ്പിച്ചതെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 ദിവസത്തെ ചികിത്സ നല്‍കിയിട്ടും ഷാരോണ്‍ മരിച്ചു. 15 മില്ലിലീറ്റര്‍ വിഷം ഉള്ളില്‍ ചെന്നാല്‍ മരണം സുനിശ്ചിതമാണെന്നും മറുമരുന്നില്ലാത്ത വിഷമാണ് ഇതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ മേധാവി ഡോ. അരുണ കോടതിയില്‍ മൊഴി നല്‍കി. ഷാരോണിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് മെഡിസിന്‍ പൊലീസ് സര്‍ജന്‍ ധന്യാ രവീന്ദ്രന്‍, കോടതിയില്‍ പറഞ്ഞു. കളനാശിനി ഉള്ളില്‍ ചെന്നതാണു മരണത്തിലേക്ക് നയിച്ചത്. കളനാശി ഉള്ളില്‍ എത്തിയതോടെ കരള്‍, വൃക്ക, ശ്വാസകോശം എന്നിവ തകര്‍ന്നു. ആന്തരികാവയവങ്ങളില്‍നിന്നും രക്തത്തില്‍നിന്നും വിഷാംശം കണ്ടെത്തിയില്ല.

വിഷം ഉള്ളില്‍ ചെന്ന ശേഷം 24 മണിക്കൂറിനുള്ളില്‍ കളനാശിനി വിസര്‍ജ്യത്തിലൂടെ പുറന്തള്ളും. ഷാരോണിന് 3 ഡയാലിസിസ് ചെയ്തിട്ടുണ്ട്. ഇതുകാരണം രക്തത്തില്‍ കളനാശിനിയുടെ അംശം ലഭിക്കില്ലെന്നും ഡോക്ടര്‍ വിശദീകരിച്ചു. ഉള്ളില്‍ വിഷം ചെന്നിട്ടുണ്ടെന്ന് ഷാരോണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ സഹോദരന്‍ ഷീമോനോട് പറഞ്ഞിരുന്നു. പിന്നീട് ഷീമോന്‍ ആണ് ഗ്രീഷ്മയ്ക്ക് എതിരായ തെളിവുകള്‍ പൊലീസിനു നല്‍കിയത്.

ഗ്രീഷ്മയും ഷാരോണും തമ്മില്‍ ജൂസ് ചാലഞ്ച് നടത്തിയ വിവരം മൊഴി നല്‍കിയത് സജിന്‍ ആണ്. ഗ്രീഷ്മയുടെ വീട്ടില്‍ ഷാരോണിനെ ബൈക്കില്‍ കൊണ്ടു പോയി വിട്ട രജിനെയും കോടതിയില്‍ വിസ്തരിച്ചിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈല്‍ ഫോണുകളില്‍നിന്ന് ഡിജിറ്റല്‍ തെളിവുകളും വീണ്ടെടുത്തു. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണു കേസിലുള്ളത്

ഏതുവിധേനയും ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ച ഗ്രീഷ്മ ഇതിനായി നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു കുറ്റപത്രത്തില്‍ പറയുന്നത്. 2021 ഒക്ടോബര്‍ മുതലാണു ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാര്‍ച്ച് 4ന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതല്‍ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വച്ച് താലികെട്ടി. വെട്ടുകാട് പള്ളിയില്‍വച്ചും താലികെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവാഹം അടുത്തുവരുന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു.

2022 ഓഗസ്റ്റ് 22ന് പാരസെറ്റമോള്‍ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അതു ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളില്‍ സേര്‍ച് ചെയ്തു. പാരസെറ്റമോള്‍, ഡോളോ ഗുളികകള്‍ ഗ്രീഷ്മ വീട്ടില്‍വച്ച് വെള്ളത്തില്‍ ലയിപ്പിച്ച് ബാഗില്‍വച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകള്‍വാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍വച്ച് ഗുളികള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയില്‍ നിറച്ചു. ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാല്‍ കളഞ്ഞു. ഗുളിക കലര്‍ത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു.

14-ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു. ‘കഷായം കുടിക്കാമെന്ന് മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ, ദാ ഇരിക്കുന്നു കുടിക്ക്’ എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഷാരോണിന്റെ കിഡ്നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചു ചികില്‍സയിലിരിക്കേ മരിച്ചു. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബല്‍ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേര്‍ന്ന റബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്കു കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണു തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.

ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിനു കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. 13ന് രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ് ലൈംഗികകാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.

ഷഡാംഗപാനീയം (ആയുര്‍വേദ മരുന്ന്) കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതില്‍ കീടനാശിനി കലര്‍ത്തി. ഷാരോണ്‍ മരിച്ചശേഷം മൊബൈലിലെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകള്‍ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേര്‍ച്ച് ചെയ്തുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ജീവനൊടുക്കാന്‍ ശ്രമിച്ച് ഗ്രീഷ്മഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങള്‍ക്ക് അമ്മ സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നല്‍കിയത് നിര്‍മല കുമാരന്‍ നായരാണ് എന്നും കണ്ടെത്തി. ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദധാരിയാണു ഗ്രീഷ്മ. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍. 2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍ വച്ചാണ് ഷാരോണ്‍ കഷായം കഴിച്ചത്.

ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചാണു ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അവശനിലയിലായി പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 25നു ഷാരോണ്‍ മരിച്ചു. ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിനിടെ ഒക്ടോബര്‍ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി.

തൊട്ടടുത്ത ദിവസം അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഒരു വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണു ജാമ്യം ലഭിച്ചത്. ഗ്രീഷ്മ നല്‍കിയ കഷായമാണു താന്‍ കുടിച്ചതെന്ന് ഷാരോണ്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു നല്‍കിയ മരണമൊഴിയാണു കേസില്‍ നിര്‍ണായകമായത്. കളനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണു മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഗ്രീഷ്മ ചതിച്ചതായി സുഹൃത്ത് റെജിനോടും മരണത്തിനു രണ്ട് ദിവസം മുന്‍പ് പിതാവ് ജയരാജിനോടും ഷാരോണ്‍ പറഞ്ഞു.

അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തിയ ജൂസ് കുടിപ്പിക്കല്‍ ചാലഞ്ച് നടത്തി ഷാരോണിനെ കൊലപ്പെടുത്താന്‍ കൊലപാതകത്തിന് രണ്ടു മാസം മുന്‍പും ഗ്രീഷ്മ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ കയ്പു കാരണം ഷാരോണ്‍ അന്ന് അതു തുപ്പിക്കളഞ്ഞു. പലതവണ അഭ്യര്‍ഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ തിരികെ നല്‍കാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു ഗ്രീഷ്മയുടെ മൊഴി. കേസില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീര്‍ വധശിക്ഷ വിധിച്ചതോടെ, കേരളത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയായി ഗ്രീഷ്മ മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker